രു മനുഷ്യനെ എത്രമാത്രം വേദനിപ്പിക്കാം. പ്രത്യേകിച്ച് ഐക്യത്തിലും കൂട്ടായ്മയിലും പോകണമെന്നും പ്രതികരണങ്ങളിൽ സ്നേഹത്തിന്റെ ക്രിസ്തീയ ശൈലി പുലർത്തണമെന്നും ആരോടും പകയോ വിദ്വേഷമോ പാടില്ല എന്നും നിരന്തരം ആഹ്വാനം ചെയ്യുന്ന ഒരു മനുഷ്യനെ… എന്നിട്ട് അത് തിന്ന് ജീവിക്കുന്ന, ഭഗവത്ഗീതയിലെ ഉന്മൂലന സിദ്ധാന്തം കത്തോലിക്കാസഭയിൽ പ്രാബല്യത്തിൽ വരുത്തണമെന്ന് ആക്രോശിക്കുന്ന, ഹിംസാവാദികളുടെ പല്ലിറുമ്മലുകൾ എത്രനാൾ വിശ്വാസസമൂഹം സഹിക്കണം.

വിശ്വാസ സമൂഹം മുഴുവന്റയും തങ്ങളുടെതന്നെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പിൻബലത്തിൽ സഭയുടെ ഉന്നതാധികാര സമിതിയായ മെത്രാൻസിനഡ് പരിശുദ്ധാത്മ പ്രചോദനത്താൽ ഒത്തുചേർന്ന് തികച്ചും ജനാധിപത്യപരമായി തന്നെ വോട്ടിട്ട് 2/3ൽ പരം ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത്, ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പ അംഗീകരിച്ച് നിയമിക്കുന്ന മേജർ ആർച്ച്ബിഷപ്പിന്റെ രാജി ആവശ്യപ്പെടാൻ 4+3= 7 അംഗങ്ങളുള്ള AMT എന്ന സംഘടന എന്താണ്?


ജയിംസ് കൊക്കാവയലിൽ

2011ലെ മേജർ ആർച്ച്ബിഷപ്പ് തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ ആലഞ്ചേരി പിതാവ് ചിത്രത്തിലേ ഉണ്ടായിരുന്ന വ്യക്തിയല്ല. ഇന്ന് അദ്ദേഹത്തെ അവഹേളിക്കുന്ന ഒരു മാധ്യമവും സാധ്യതയുള്ള ഒരു വ്യക്തിയായി അദ്ദേഹത്തെ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ദൈവീക പദ്ധതി തന്നെയാണ് എന്ന് നമുക്ക് അനുമാനിക്കാം.

ജനാധിപത്യ ഭരണസംവിധാനത്തിൽ പോലും കുടുംബാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ സഭയിൽ വളരെ സുതാര്യമായ, പക്ഷപാതരഹിതമായ സംവിധാനം തന്നെയാണ് നിലനിൽക്കുന്നത്. ഒരു മെത്രാന്റെയും കുടുംബത്തിൽ നിന്ന് ഇവിടെ വേറൊരു മെത്രാൻ ഉണ്ടായതായി അറിവില്ല. പ്രത്യേകിച്ച് ഒരു രൂപയ്ക്കുള്ളിൽ അത് ഒരിക്കലും സംഭവിച്ചിട്ടില്ല.

സഭയുടെ സ്വത്തുക്കൾ എല്ലാ വിശ്വാസികളുടെയും കൂടെയാണ് അതിൽ ആർക്കെങ്കിലും അവകാശമില്ല എന്ന് ആലഞ്ചേരി പിതാവ് ഒരിടത്തും പറഞ്ഞിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുവാൻ മാധ്യമങ്ങൾ മത്സരിക്കുന്നതെന്തിന് എന്ന് മനസ്സിലാകുന്നില്ല. അവരും വേദന തിന്ന് ജീവിക്കുകയാവും.

സഭയുടെ സ്വത്തുക്കൾ എല്ലാ വിശ്വാസികളുടെയും കൂടെ ആണെങ്കിലും അത് കൈകാര്യം ചെയ്യാൻ സഭ ചില സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മെത്രാൻ ആ സംവിധാനത്തിന്റെ ഭാഗമാണ്. രാഷ്ട്രം എങ്ങനെയാണ് സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നത്?.വിമാനത്താവളങ്ങൾ ആദാനിക്കു കൈമാറിയപ്പോൾ ഇവിടുത്തെ 120 കോടി ജനങ്ങളും മുദ്രപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടോ?. അതോ ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണോ അതിൽ ഒപ്പു വെച്ചിട്ടുള്ളത്?. സഭയുടെ സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് ഇപ്രകാരം തന്നെയാണ്. അതിന് ലോകം മുഴുവനിൽ നിന്നും അൽമായരും വൈദീകരും ഉൾപ്പെട്ട, നിയമപണ്ഡിത- ദൈവശാസ്ത്രജ്ഞ പ്രതിനിധികളുടെ കമ്മിറ്റി ക്രോഡീകരണം നടത്തി, മാർപാപ്പ അംഗീകരിച്ച കാനൻ നിയമപ്രകാരമുള്ള സംവിധാനങ്ങളുണ്ട്. അവയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടനക്ക് വിധേയമായി തന്നെയാണ് സഭ സ്വത്തുക്കൾ കൈകാര്യം ചെയ്തു പോരുന്നത്. അതിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്താൻ ഓഡിറ്റിംഗ് സംവിധാനം രൂപതകളിൽ ഉണ്ട്. ഫിനാൻസ് കൗൺസിൽ ഉണ്ട്. കൂടാതെ ചാർട്ടേഡ് അക്കൗണ്ടൻറ് നടത്തുന്ന ഗവൺമെൻറ് ഓഡിറ്റിങ്ങും ഉണ്ട്.

ഇങ്ങനെയുള്ള സംവിധാനങ്ങളെ ആശ്രയിക്കാതെ തികച്ചും ദുരുദ്ദേശപരമായിട്ടാണ് മാർട്ടിൻ പയ്യപ്പള്ളി എന്ന വ്യക്തി ആലഞ്ചേരി പിതാവിനെതിരെ കേസ് നൽകിയിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ആ വ്യക്തി കോട്ടപ്പടി ഭൂമി വിൽപ്പന എന്ന നടപടിയെ ആണ് ചോദ്യം ചെയ്തിരിക്കുന്നത് അല്ലാതെ അതിലെ ക്രമക്കേടുകൾ ഉണ്ടങ്കിൽ അതിനെയല്ല. ഇങ്ങനെ ഒരു രൂപതയിലെ ഓരോ നടപടിയും ചോദ്യം ചെയ്ത് ഓരോരുത്തരും കോടതികളിൽ കേസ് നൽകുകയും മെത്രാൻ അവിടെയെല്ലാം നേരിട്ടു ഹാജരായി പ്രതിക്കൂട്ടിൽ വന്നുനിൽക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്താൽ രൂപതയുടെ അനുദിന പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടു പോകും. രാഷ്ട്ര സംവിധാനത്തിലും ഇതുതന്നെയല്ലേ സ്ഥിതി?.

ഈ കേസ് കൊടുത്തിരിക്കുന്ന വ്യക്തി സത്യമോ നീതിയോ ലക്ഷ്യമാക്കിയല്ലെന്നും പകരം പിതാവിനെ മാനസികമായി പീഡിപ്പിക്കുകയും അദ്ദേഹത്തിന്റെ വിലയേറിയ സമയത്തെ അപഹരിക്കുകയും മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും സുവ്യക്തമാണ്. കാരണം അദ്ദേഹം പിതാവിന്റെ കോലം കത്തിച്ച് അവഹേളിച്ചവരിൽ ഉൾപ്പെട്ട വ്യക്തിയാണ്. വാസ്തവം ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭിന്നത സൃഷ്ടിക്കാനും ഇവിടുത്തെ മാധ്യമങ്ങൾ വളരെ കുത്സിതമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ചർച്ച് ആക്ട്
നടപ്പിൽ വരുത്താനുള്ള ഗൂഢലക്ഷ്യവും ഈ വ്യാജപ്രചരണങ്ങളുടെ പിന്നിൽ ഉണ്ട് എന്നുള്ളത് നിസ്സംശയം ആണ്. സംശയം ഒന്നു മാത്രമേയുള്ളൂ, ‘ഈ സാധു മനുഷ്യന്റെ വേദനകൾ ₹ ആയി എക്സേഞ്ച് ചെയ്യപ്പെടുന്നത് എവിടെയാണ് ‘. കാരണം ഇടയനെ അടിക്കുമ്പോഴാണല്ലോ ആടുകൾ ചിതറിക്കപ്പെടുത്.,