മത്താ12:33-37
സഭ ഇന്ന് വിശുദ്ധരായ കുര്യാക്കോസിന്റെയും ജൂലിറ്റായുടേയും തിരുനാൾ ആചരിക്കുന്നു. ആദിമസഭയിൽ റോമൻ മത പീഡനകാലത്ത് രക്തസാക്ഷികളായി തീർന്ന ഒരു അമ്മയും മകനും ആണ് ഇവർ. കുര്യാക്കോസ് മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു ശിശുവായിരുന്നു. ചക്രവർത്തി വാൾ ചൂണ്ടി ഭയപ്പെടുത്തിക്കൊണ്ട് മിശിഹായെ ഉപേക്ഷിക്കുന്നുവോ എന്ന് ചോദിച്ചപ്പോൾ കുഞ്ഞു കുര്യാക്കോസ് യാതൊരുവിധ സങ്കോചവുമില്ലാതെ പറഞ്ഞു “മിശിഹാ എന്റെ കർത്താവും ദൈവവും ആണ് ഞാൻ അവനെ ഉപേക്ഷിക്കുകയില്ല”. ഇപ്രകാരം മരണത്തിന്റെ മുമ്പിലും വിശ്വാസം ഏറ്റു പറയുവാൻ ആ പിഞ്ചുകുഞ്ഞിന് ചങ്കൂറ്റം ലഭിച്ചത് അതിന്റെ അമ്മയുടെ ആഴമേറിയ വിശ്വാസ ബോധ്യത്തിൽ നിന്നാണ്. രണ്ടുപേരും വിശ്വാസം ഏറ്റു പറഞ്ഞ് രക്തസാക്ഷികളായി. നല്ല വൃക്ഷം ഒക്കെയും നല്ല ഫലങ്ങൾ കായ്ക്കുന്നു എന്ന തിരുവചനം ഇവിടെ അന്വർത്ഥമാക്കുകയാണ്. കുര്യാക്കോസും ജൂലിറ്റിയും നമുക്ക് പറഞ്ഞു തരുന്ന സന്ദേശവും ഇതുതന്നെയാണ്. മക്കളുടെ വിശ്വാസ ബോധ്യങ്ങളിലും ധാർമിക രൂപീകരണത്തിലും മാതാപിതാക്കളുടെ സ്ഥാനവും സ്വാധീനവും വളരെ വലുതാണ്. നല്ല വൃക്ഷങ്ങൾ ആകുവാൻ ഓരോ മാതാപിതാക്കളെയും ജൂലിറ്റാ ആഹ്വാനം ചെയ്യുന്നു. നല്ല ഫലങ്ങൾ ആകുവാൻ ഓരോ മക്കളെയും കുര്യാക്കോസും.