റവ.ഡോ. ജോസഫ് (റോബി) ആലഞ്ചേരി
“സുവിശേഷ പ്രഘോഷകർ സുവിശേഷംകൊണ്ടുതന്നെ ഉപജീവനം കഴിക്കണമെന്നു കര്‍ത്താവ് കല്‍പിച്ചിരിക്കുന്നു”. (1 കോറി 9:14)
മനുഷ്യരക്ഷക്കുള്ള ദൈവത്തിന്റെ കൂദാശയാണ് സഭ. ഈ ദൗത്യം സ്വതന്ത്രയായി നിർവ്വഹിക്കുവാൻ സഭയ്ക്ക് സ്വത്തും ഭൗതികവസ്തുക്കളും ആവശ്യമാണ്. ദൈവാരാധന, സഭാശൂശ്രൂഷകരുടെ സംരക്ഷണം, പ്രേഷിതപ്രവർത്തനം തുടങ്ങിയവ ഉറപ്പാക്കാൻ ധനവും സ്വത്തും കൂടിയേ തീരൂ. സഭയുടെ സ്വത്ത് സഭാമക്കൾ ദാനമായി നൽകുന്നതാണ്. സഭയ്ക്കാണ് അതിന്റെ ഉടമസ്ഥാവകാശം. സഭയെ നിയന്ത്രിക്കാനും അവളുടെ സ്വത്ത് കൈയാളാനും സഭാവിരുദ്ധശക്തികൾ എല്ലാകാലങ്ങളിലും ശ്രമിച്ചിട്ടുള്ളതിനാൽ, ഇക്കാര്യത്തിൽ സഭാമക്കൾ ദത്തശ്രദ്ധരായിരിക്കണം.
സഭയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന്, സഭ തെരഞ്ഞെടുക്കപ്പെട്ട ‘കാര്യസ്ഥൻ’മാരെ ഏല്പിക്കുന്നു. അവർ ഉടമകളല്ല, സഭാനന്മ ലാക്കാക്കി വിവേകത്തോടെ ജോലിചെയ്യുന്ന വിശ്വസ്തരായ മേൽനോട്ടക്കാർ മാത്രമാണ്. ഉദാഹരണത്തിന്, രൂപതാസ്വത്തിന്റെ മേൽനോട്ടക്കാരൻ മെത്രാനാണ്. അതുകൊണ്ടു തന്നെ സിവിൽനിയമപരമായി രൂപതയെ പ്രതിനിധീകരിക്കുന്നത് മെത്രാനാണ്.
മെത്രാനും രൂപതാഭരണവും
“തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്‌ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്‌തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്?” (മത്താ 24:45)
സഭയെ ഭരിക്കാൻ ദൈവം നിയോഗിച്ച കാര്യസ്ഥന്മാരാണ് മെത്രാന്മാർ. രൂപതാസമൂഹത്തിന്റെ ആത്മീയപിതാവാണ് മെത്രാൻ. ക്രിസ്തുവിന്റെ വികാരി/പ്രതിനിധി എന്ന നിലയിൽ സ്വന്തംപേരിലാണ് മെത്രാൻ രൂപത ഭരിക്കുന്നത് (മാർപാപ്പയുടെ പകരകാരനായിട്ടല്ല). പ്രാദേശികസഭയായ രൂപതയുടെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മൂലകല്ലാണ് മെത്രാൻ. സഭാഭരണത്തിന്റ പൂർണ്ണ ചുമതല രൂപതാമെത്രാൻ എന്ന ഏകവ്യക്തിയിലായതിനാൽ, സഭയിൽ മെത്രാന്റെ സ്ഥാനം സമുന്നതമായി സംരക്ഷിക്കപ്പെടണം എന്നു സഭയ്ക്കു നിർബന്ധമുണ്ട്. ആയതിനാൽ, രൂപതാമെത്രാനെതിരെ തിരിയാൻ ജനത്തെ പ്രേരിപ്പിക്കുന്നതും, ദ്വേഷം ജനിപ്പിക്കുന്നതുമൊക്കെ, കുറ്റകരമായിട്ടാണ് സഭാനിയമം മനസിലാക്കുന്നത് (1447#1).
നിയമനിർമ്മാണം, ഭരണനിർവ്വഹണം, നീതിന്യായം എന്നീ മൂന്ന് അധികാരങ്ങളും രൂപതാമെത്രാനിൽ നിക്ഷിപ്തമാണ്. ഭരണനിർവ്വഹണത്തിന് ജനറാൾ അച്ചന്മാരും നീതിന്യായത്തിന് രൂപതാകോടതിയും മെത്രാനെ സഹായിക്കുന്നു. സാമ്പത്തിക കാര്യങ്ങൾ നോക്കിനടത്താൻ ഒരു ധനകാര്യസ്ഥനെയും (പ്രൊക്യൂറേറ്റർ) സാമ്പത്തിക ഉപദേശത്തിനായി ഒരു ധനകാര്യകൗൺസിലിനെയും മെത്രാൻ നിയോഗിക്കുന്നു. മേൽപറഞ്ഞവരെല്ലാം ഉൾപെടുന്നതാണ് കൂരിയ അഥവാ രൂപതാകച്ചേരി. ബന്ധപ്പെട്ട അംഗങ്ങളുമായി മെത്രാൻ നടത്തുന്ന കൂടിയാലോചനയ്ക്കാണ് ‘കച്ചേരികൂടുക’ എന്നുദ്ദേശിക്കുന്നത്. രൂപതാ ഭരണത്തിൽ പിതാവിന്റെ വലംകൈയായി നിലകൊള്ളുന്നത് രൂപതാകച്ചേരിയാണ്. കച്ചേരിയാലോചനകളുടെ രഹസ്യസ്വഭാവം വിവേകപൂർവ്വം പാലിക്കുവാൻ അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണ് (244#2).
ഇവ കൂടാതെ, രൂപതാ ഭരണത്തിൽ മെത്രാനെ സഹായിക്കുന്ന വേറെയും കാനോനിക സമിതികളുണ്ട്: ആലോചനാ സംഘം, വൈദിക സമിതി, പാസ്റ്ററൽ കൗൺസിൽ. എല്ലാ സമിതിയുടെയും അദ്ധ്യക്ഷൻ മെത്രാനാണ്. ശിരസായ മെത്രാനു കീഴിൽ ഒരു ശരീരമായി വേണം എല്ലാ ഭരണസമിതികളും പ്രവർത്തിക്കുവാൻ. അവർ മെത്രാന്റെ സഹായികളാണ്, നിയന്താക്കളല്ല.
രൂപതയിലെ ധനകാര്യനിർവ്വഹണം
“ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളിൽ ശ്രുശ്രൂഷിക്കുന്നതു ശരിയല്ല.” (നട 6:2)
രൂപതാസ്വത്തിന്റെ നിയമപരമായ പ്രതിനിധി മെത്രാനാണെങ്കിലും അതിന്റെ നേരിട്ടുള്ള കാര്യനിർവ്വഹണം നടത്തുന്നത് പ്രൊക്യൂറേറ്റർ ആണ്. കാരണം സുവ്യക്തമാണ്, മെത്രാന്റെ സവിശേഷകടമ അജപാലനമാണ്, ധനകാര്യമല്ല. സഭാസ്വത്തിന്റെ ഭരണത്തിൽ മെത്രാന്റെ ഉത്തരവാദിത്വം അതിന്റെ മേൽനോട്ടത്തിലാണ്, സാമ്പത്തിക കാര്യങ്ങളിലല്ല. രൂപതയിലെ സാധാരണ ദൈനംദിന ധനവ്യവഹാരങ്ങൾ പ്രൊക്യൂറേറ്ററച്ചന്റെ ചുമതലയാണ്. എന്നാൽ സുപ്രധാനവും അസാധാരണവുമായ ധനകാര്യ ഇടപാടുകൾ (ഉദാ. വസ്തുവിൽക്കൽ) നടത്തുവാൻ ആലോചന സംഘത്തിന്റെയും ധനകാര്യ കൗൺസിലെന്റെയും സമ്മതം ആവശ്യമാണ് (ഒരു പരിധിക്കു മുകളിലുള്ള വ്യവഹാരങ്ങൾക്ക് സ്ഥിരംസിനഡിന്റെയും സഭാസിനഡിന്റെയും അനുമതി കൂടി ആവശ്യമാണ്). കാര്യസ്ഥന്മാർ സ്വാഭീഷ്ടമനുസരിച്ച് പ്രവർത്തിക്കാതിരിക്കാനും കൂട്ടുത്തരവാദിത്വം ഉറപ്പുവരുത്തുവാനുമുള്ള സംവിധാനമാണിത്.
രൂപതാ ആലോചനസംഘം, രൂപതാ വൈദികരുടെ പ്രാതിനിധ്യസ്വഭാവമുള്ള ഒരു സമിതിയാണ്. ധനകാര്യത്തിൽ അവരുടെ അനുമതി തേടുന്നതുവഴി വൈദികസമൂഹം മുഴുവന്റെയും സഭാമക്കളുടെയും പങ്കാളിത്തം പരോക്ഷമായി സഭ ഉറപ്പുവരുത്തുകയാണ്. ധനകാര്യ സമിതി, സാമ്പത്തിക മേഖലയിലും സിവിൽനിയമത്തിലും പ്രാവീണ്യം നേടിയ വിദഗ്ധർ അടങ്ങിയ സമിതിയാണ്. ഇതിൽ അല്മായരും അംഗങ്ങളാണ്. ഈ സമിതിയുടെ അനുമതി തേടുന്നതു വഴി, ഇടപാടിന്റെ സാങ്കേതിക കൃത്യത ഉറപ്പുവരുത്തുന്നു. ഇവിടെയും അനുമതിയുടെ രഹസ്യസ്വഭാവം പാലിക്കുവാൻ അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണ് (934#4). ഈ സമിതികൾ ധനവ്യവഹാരസംബന്ധമായി നൽകുന്ന നിർദ്ദേശങ്ങളോ ഉപാധികളോ നിയമബദ്ധമാകുന്നത് മെത്രാൻ അനുമതി നൽകുമ്പോഴാണ് (1022#2). കാനോനിക അനുമതിയില്ലാതെ നടന്ന വ്യവഹാരങ്ങൾ, സിവിൽ നിയമപ്രകാരം സാധുവാണെങ്കിൽ, അവ എങ്ങനെ കാനോനികമാക്കാം എന്നും സഭാനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട് (1040).
കാനോനികസമിതികളുടെ ഉദ്ദേശ്യം ഭരണനിർവ്വഹണമല്ല, ആലോചനയും ഉപദേശവും നൽകലാണ്. അവരുടെ സേവനം, ധനകാര്യങ്ങളുടെ ഭരണനിർവ്വഹണത്തിൽ, സഹപങ്കാളിത്തവും സാങ്കേതികനൈപുണ്യവും ഉറപ്പുവരുത്തുന്നു. ചുരുക്കത്തിൽ, രൂപതയുടെ ധനകാര്യാലയം ഉപവിയുടെ ഡിക്കൻശുശ്രൂഷയാണ്. അതുവഴി മെത്രാന് സാമ്പത്തിക കാര്യങ്ങളിൽ നിന്ന് ഒഴിവായി, സുവിശേഷവേലയിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരമൊരുങ്ങുന്നു.
സഭയും സാമ്പത്തിക സുതാര്യതയും
“ഈയുഗത്തിന്റെ മക്കള്‍ തങ്ങളുടെ
തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്‌ധിശാലികളാണ്.” (ലൂക്കാ 16:8)
രൂപതയുടെ സാമ്പത്തികകാര്യങ്ങളുടെ കണക്കുകൾ സൂക്ഷിക്കാനും അത് മെത്രാനു സമർപ്പിക്കാനും പ്രൊക്യൂറേറ്ററിനു ചുമതലയുണ്ട്. സാധാരണഗതിയിൽ വർഷാവസാനമാണ് അത് ചെയ്യുക. ആ കണക്കുകൾ ധനകാര്യസമിതിയുടെ സഹായത്തോടെ മെത്രാൻ വിലയിരുത്തുന്നു. അതിനുശേഷം അവ പ്രസിദ്ധപ്പെടുത്തുന്നു. എന്നാൽ കണക്കുകളുടെ പ്രസിദ്ധപ്പെടുത്തൽ എപ്പോൾ, എങ്ങനെ എന്നത് മെത്രാന്റെ വിവേചനാധികാരമാണ് (1031#2).
കച്ചേരിക്കാര്യങ്ങൾ ഔദ്യോഗികമായി പരസ്യമാകുന്നതുവരെ, അവയുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്, സാമ്പത്തികസുതാര്യത-കുറവായി തെറ്റിദ്ധരിക്കരുത്. അത് ഉത്തരവാദിത്വമുള്ള വീട്ടുകാര്യസ്ഥന്റെ വിശ്വസ്തയുടെയും വിവേകത്തിന്റെയും അടയാളമാണ്. അതിലെ ചെറിയൊരു വീഴ്ച പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അത് വിശ്വസ്തയുടെ ലംഘനം മാത്രമല്ല, സഭാഭരണത്തിനു തന്നെ കളങ്കം ചാർത്തും.
സുതാര്യതകൊണ്ട് കണക്കുകളുടെ പരസ്യമാക്കലാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് തത്വത്തിൽ അങ്ങേയറ്റം കരണീയമാണ്. പക്ഷേ, ചിലയവസരങ്ങളിൽ അത് ആത്മഹത്യാപരവും ആകാം. ഉദാഹരണത്തിന്, സഭാവിരുദ്ധസമൂഹത്തിൽ വരവു ചിലവുകളുടെ സകല വിശദാംശങ്ങളും പരസ്യമാക്കിയാൽ പിന്നെ സഭയുടെ സ്ഥിതി, വടി കൊടുത്ത് അടി വാങ്ങുന്നതു പോലെയാവും. സുതാര്യത ഒരു നിരുപാധിക അവകാശമല്ല; അത് എന്തെങ്കിലും ഒളിച്ചുവയ്ക്കാനോ അസത്യം കാട്ടാനോ ഉള്ളതുകൊണ്ടല്ല, വിവേകം ആവശ്യപ്പെടുന്നതു കൊണ്ടാണ്. ഒരു പുണ്യവും ഒറ്റയ്ക്കു നിൽക്കില്ല, ഒന്നിച്ചേ നിൽക്കൂ.
സാമ്പത്തികപരാതികളും നീതിന്യായവും
“അവൻ അവരെയും അനുസരിക്കുന്നില്ലെങ്കിൽ, സഭയോടു പറയുക.” (മത്താ 18:17)
ധനകാര്യ നിർവ്വഹണത്തിൽ ആർക്കും തെറ്റാവരമില്ല. വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ നടപടികൾ എടുക്കാൻ മേലധികാരിക്ക് ഉത്തരവാദിത്വമുണ്ട്. വീഴ്ചകൾ ചൂണ്ടി കാണിച്ച് പരാതി നൽകാനും സഭാമക്കൾക്ക് അവകാശവും കടമയുമുണ്ട്. പരാതിക്കാരന്റെ ഉദ്ദേശശുദ്ധി നിർണായകമാണ്. കാരണം സഭയിലെ പരാതിയും തുടർനീതിന്യായവും അടിസ്ഥാനപരമായി ഒരു ഉപവിശുശ്രൂഷയാണ്. സ്നേഹത്തിനു വിരുദ്ധമായതൊന്നും ഈ പ്രക്രിയയിൽ പാടില്ല. പരാതിയുടെ ഉദ്ദേശലക്ഷ്യവും അതിനുപയോഗിക്കുന്ന മാർഗ്ഗവും വിശ്വാസത്തിലും ധാർമ്മികതയിലും അടിയുറച്ചതായിരിക്കണം. ഈ പരാതിപ്രക്രിയയിൽ വ്യക്തികളുടെ സൽപേരിനും സഭയുടെ പൊതുനന്മയ്ക്കും ഒരു കാരണവശാലും ഹാനി സംഭവിക്കാൻ പാടില്ല.
പരാതികൾ സ്വീകരിക്കാനും അതിനു മറുപടി നൽകാനും സഭാനിയമപ്രകാരം വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ധനകാര്യങ്ങളുടെ മേൽനോട്ടക്കാരൻ എന്നനിലയിൽ, രൂപതാമെത്രാനാണ് രൂപതാതലത്തിലുള്ള സാമ്പത്തിക പരാതികളുടെ നീതിന്യായപീഠം. അതുകൊണ്ടുതന്നെ, തർക്കവിഷയങ്ങളിൽ അസ്ഥാനത്ത് അഭിപ്രായപ്രകടനങ്ങൾ നൽകാൻ ന്യായാധിപനായ മെത്രാനാവില്ല. നീതിന്യായവ്യവസ്ഥയിൽ ന്യായാധിപന്റെ മൗനമാണ് ഒടുവിൽ വിധിതീർപ്പിന്റെ മാറ്റുകൂട്ടുന്നത്. മെത്രാന്റെ വിധിതീർപ്പിനെക്കുറിച്ചോ അദ്ദേഹത്തെക്കുറിച്ചുതന്നെയോ പരാതിയുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യുന്നതും വിലയിരുത്തുന്നതും അദ്ദേഹത്തിന്റെ ഉന്നതാധികാരി മാത്രമാണ്.
ചുരുക്കത്തിൽ, സഭയുടെ സാമ്പത്തികവ്യവഹാരങ്ങൾ മറ്റേതൊരു കച്ചവടസംരംഭംപോലെ കാണരുത്. ഇത് വെറുമൊരു ബിസിനസ് അല്ല. പ്രഥമവും പ്രധാനവുമായി ഇത് സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ചൈതന്യത്തിൽ നിർവ്വഹിക്കുന്ന ഒരു സഭാശുശ്രൂഷയാണ്. പരാതിപ്രക്രിയ പോലും കറകളഞ്ഞ ഒരു സഭാപ്രവൃത്തിയാണ്. ഇതിലെ സഭാത്മകത കൈമോശം വന്നാൽ, പിന്നെ ബാക്കിയുള്ളത് മാമോൻ മാത്രം.