ജാർഖണ്ഡിൽ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുവാന്‍ ബി‌ജെ‌പി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ അജണ്ട ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഢനമായി മാറുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന ഭീഷണിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഈ മാസത്തിന്റെ ആരംഭത്തില്‍ തന്നെ സംസ്ഥാന മുഖ്യമന്ത്രി രഘുബീര്‍ ദാസ് സഭാ സ്വത്തുക്കള്‍ നിയമപരമാണോ അല്ലയോ എന്ന്‍ അന്വേഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഗോത്രവംശജരെ അവരുടെ ഭൂമിയില്‍ നിന്നും ഒഴിവാക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റേയും, കുത്തകകളുടേയും നിഗൂഡ അജണ്ടയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട നിയമഭേദഗതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സഭ നടത്തിയ പ്രതിഷേധത്തോടുള്ള പ്രതികാരമായിട്ടാണ് ഈ പ്രഖ്യാപനത്തെ സഭ നോക്കിക്കാണുന്നത്