തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പുകേസിലെ പ്രതി മാവേലിക്കര സ്പെഷൽ സബ് ജയിലിൽ മരിക്കാനിടയായ സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഡിജിപി ലോകനാഥ് ബെഹറയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിയാണു ഡിജിപിയുടെ ഉത്തരവ്.
കുമരകം സ്വദേശി എം.ജെ. ജേക്കബാണ് ജയിലിൽ മരിച്ചത്. മാർച്ച് 21-ന് പുലർച്ചെയാണു ജേക്കബിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം അന്വേഷിച്ച അന്നത്തെ മാവേലിക്കര ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് വിവേജ രവീന്ദ്രനാണു കൊലപാതക സൂചനയിലേക്കു വിരൽ ചൂണ്ടിയത്. സഹതടവുകാർ മർദിച്ചും ശ്വാസം മുട്ടിച്ചും ജേക്കബിനെ കൊലപ്പെടുത്തിയതാകാമെന്നും പോലീസ്, ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനു പിന്നിലുണ്ടെന്നും വിവേജ രവീന്ദ്രന്റെ റിപ്പോർട്ടിലുണ്ട്.
മാർച്ച് 20-നു രാത്രി ജേക്കബിനെ മാവേലിക്കര ജയിലിൽ എത്തിച്ചു. പിറ്റേന്നു രാവിലെ ആറിനു ജയിലിലെ 11-ാം നന്പർ സെല്ലിൽ ജേക്കബിനെ മരിച്ച നിലയിൽ കണ്ടെത്തി. കൈയിലുണ്ടായിരുന്ന തൂവാല തൊണ്ടയിൽ തിരുകി ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസിന്റെയും ജയിൽ അധികൃതരുടെയും കണ്ടെത്തൽ. തുടർന്നാണു മാവേലിക്കര ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് വിവേജ രവീന്ദ്രൻ അന്വേഷണം നടത്തിയത്.