കൊച്ചി: ഭൂമിയിടപാടിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ പൊതുനന്മയല്ലാതെ അതിരൂപതയ്ക്കു നഷ്ടംവരുത്തുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നാളെ എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ട സർക്കുലറിലാണു കർദിനാൾ ഇക്കാര്യം വ്യക്തമാക്കുന്നത്.
അതിരൂപതയിലെ രണ്ടു സഹായമെത്രാന്മാരെ സ്ഥാനത്തുനിന്നു മാറ്റിനിർത്തിയ തീരുമാനം തന്റേതല്ലെന്നും മാർപാപ്പയുടേതാണെന്നും കർദിനാൾ സർക്കുലറിൽ പറയുന്നു. അതിരൂപതയിലുണ്ടായ പ്രശ്നങ്ങളെയും വിഭാഗിയതകളെയും കുറിച്ചു വിവിധതലങ്ങളിൽനിന്നും സ്രോതസുകളിലുംനിന്നും ലഭിച്ച റിപ്പോർട്ടുകളുടെയും വത്തിക്കാൻ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.