കൃഷിപ്പണികൾ കൊണ്ട് സമ്പന്നമാകേണ്ട സമയത്തും മലയോരമേഖലയിലെ കാർഷികരംഗം നിശ്ചലം. കൃഷിയും അനുബന്ധജോലികളും എങ്ങും നടക്കുന്നില്ല. റബ്ബർ, തെങ്ങ്, കുരുമുളക് പോലുള്ള കൃഷിയോട് കർഷകർ മുഖംതിരിക്കുകയാണ്. പേരിനെങ്കിലും കവുങ്ങും കശുമാവുമാണ് ആളുകൾ വെച്ചുപിടിപ്പിക്കുന്നത്.
വാഴ, ജാതി, കൊക്കോ തുടങ്ങിയ ഇടവിളക്കൃഷിയും ചില മേഖലകളിലുണ്ട്. കാപ്പിക്കൃഷിയോടും തണുത്ത പ്രതികരണമാണുള്ളത്. ഫലവൃക്ഷങ്ങളുടെ അത്യുത്പാദനശേഷിയുള്ള തൈകൾക്ക് പ്രിയമുണ്ട്. രോഗബാധയ്ക്ക് ശമനമില്ലാത്തതാണ് തെങ്ങിനെയും കുരുമുളകിനെയും അകറ്റിനിർത്താൻ കാരണം.

റബ്ബർ, തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയവ ലഭിച്ചിരുന്ന കാർഷിക നഴ്സറികൾ പലതും മുഖംമിനുക്കിയാണ് പിടിച്ചുനിൽക്കുന്നത്. ഉദ്യാനച്ചെടികളും സ്വദേശിയും വിദേശിയുമായ ഫലവൃക്ഷത്തൈകളുമാണ് നഴ്സറികളിൽ വൻതോതിൽ വിറ്റുപോകുന്നത്. ഗ്രാഫ്റ്റ് ചെയ്ത നല്ലയിനം ഫലവൃക്ഷത്തൈകൾക്ക് 300 മുതൽ 400 രൂപ വരെ വിലയുമുണ്ട്. പൂച്ചെടികളുടെ വിൽപ്പനയും നന്നായി നടക്കുന്നതായി നഴ്സറി ഉടമകൾ പറയുന്നു.
മലയോരത്ത് മുക്കിനുമുക്കിനായിരുന്നു ഒരു പതിറ്റാണ്ടുമുൻപുവരെ റബ്ബർ നഴ്സറികൾ. 100 രൂപവരെ തൈക്ക് വില ലഭിച്ചിരുന്നു അന്ന്. റബ്ബർ കൃഷിചെയ്യുന്ന കർഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കയാണ്. മുൻകൂട്ടി ബുക്ക് ചെയ്താൽ തെക്കൻ ജില്ലകളിൽ നിന്നോ തമിഴ്നാട്ടിൽനിന്നോ തൈകൾ എത്തിച്ചുനൽകുകയാണ് നഴ്സറി ഉടമകൾ ഇപ്പോൾ. തീരേ ഗുണനിലവാരമില്ലാത്ത തൈകളാണ് ഇങ്ങനെ ലഭിക്കുന്നത്

അതേ സമയം ഉള്ള റബ്ബർ മരങ്ങൾ പോലും തെളിയിക്കാൻ പണമില്ലാതെ വിഷമിക്കുകയാണ് കർഷകർ. മഴക്കുറവും കാട് തെളിക്കാൻ വേണ്ടി വരുന്ന ചിലവും വിലയില്ലായ്മയും അവരെ വലയ്ക്കുന്നു. ചെറിയ പ്രതീക്ഷയുള്ള കഴിഞ്ഞ വർഷത്തെ സബ്‌സിഡി ബില്ലുകൾ പലതും ഇപ്പോഴും പെൻഡിങ് ലിസ്റ്റിൽ പോലും വന്നിട്ടില്ല. ഈ നിലയിൽ താമസിക്കാതെ നമ്മുടെ നാട്ടിൽ നിന്ന് റബർ കൃഷി ഇല്ലാതാകും എന്നതിൽ സംശയം വേണ്ട.

കവുങ്ങ് രോഗബാധയിൽ ചെറിയമാറ്റം ഉണ്ടായിട്ടുണ്ട്. കൂമ്പ്ചീയൽ രോഗം തെങ്ങിനെ വിട്ടുമാറുന്നില്ലെന്ന് കർഷകർ പറയുന്നു. ചെമ്പൻചെല്ലിയുടെ ആക്രമണവും വ്യാപകമാണ്. രോഗബാധയേറ്റ തെങ്ങിനുമുകളിൽ കയറി ബോർഡോമിശ്രിതവും മറ്റും തളിക്കാൻ നൂറുരൂപ വരെയാണ് കൂലി.