പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പുകള്‍

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലുള്ള ഗവേഷണ വിധേയമായ ഭൂഗര്‍ഭത്തിലെ സ്മൃതിമണ്ഡപത്തില്‍നിന്നും ശേഖരിച്ച ശ്ലീഹായുടെ അസ്ഥികളുടെ അംശങ്ങളാണ് ഒരു ചെമ്പുപേടകത്തില്‍ കിഴക്കിന്‍റെ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന് പാപ്പാ ഫ്രാന്‍സിസ് കൊടുത്തുവിട്ടതെന്ന്, സ്മൃതമണ്ഡപങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന പിയെത്രോ സാന്‍റര്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ബെദ്സൈദായിലെ രണ്ടു സഹോദരങ്ങള്‍ – പത്രോസും അന്ത്രയോസും

ജൂണ് 29 പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ പങ്കെടുക്കാന്‍ കിഴക്കുനിന്നും എത്തിയ പാത്രിയാര്‍ക്കല്‍ സഭയുടെ പ്രതിനിധിസംഘത്തിന്‍റെ കൈവശമാണ് അപ്പസ്തോല പ്രമുഖനും, സഭയുടെ ആദ്യതലവനുമായ പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പുകള്‍ പാപ്പാ ഫ്രാന്‍സിസ് കൊടുത്തുവിട്ടത്. കിഴക്ക് കോണ്‍സ്റ്റാന്‍റിനോപ്പിള്‍സ് കേന്ദ്രീകരിച്ച് പത്രോസ്ലീഹായുടെ സഹോദരനായ, ഗലീലിയയിലെ ബെദ്സൈദായില്‍നിന്നുമുള്ള അന്ത്രയോസ് സ്ഥാപിച്ച സഭയോടുള്ള സഹോദര ബന്ധത്തിന്‍റെയും സഭൈക്യ കൂട്ടായ്മയുടെയും പ്രതീകമായിട്ടാണ് പാപ്പാ ഈ തിരുശേഷിപ്പിന്‍റെ പൂജ്യമായ പേടകം കിഴക്കിന്‍റെ പാത്രിയര്‍ക്കിസിനു കൊടുത്തുവിട്ടതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി (യോഹ. 1, 44-51).

ബസിലിക്കയുടെ നിലവറയിലെ അപ്പസ്തോല പ്രമുഖന്‍റെ കല്ലറ

ഇതില്‍ “പത്രോശ്ലീഹായുടെ പൂജ്യശേഷിപ്പുകളായി അസ്ഥികളുടെ അംശങ്ങള്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു” എന്ന ലാറ്റിന്‍ ഉല്ലേഖനത്തോടെയാണ് ചെമ്പുപേടകം പാപ്പാ ഫ്രാന്‍സിസ് കിഴക്കന്‍ സഭയ്ക്കു കൊടുത്തുവിട്ടതെന്ന് അഭിമുഖത്തില്‍ സാന്‍ഡലര്‍ അറിയിച്ചു. പോള്‍ ആറാമന്‍ പാപ്പായുടെ കാലത്താണ് വത്തിക്കാനിലെ ബസിലിക്കയുടെ നിലവറയിലുള്ള റോമിലെ ആദിമ ക്രൈസ്തവരുടെ സെമിത്തേരിയില്‍ ഗവേഷണപഠനം നടത്തി പത്രോശ്ലാഹായുടെ കുഴിമാടം കണ്ടെത്തിയതും, അതിലെ തിരുശേഷിപ്പുകള്‍ പരിശോധിച്ചു ചരിത്രപരമായ സ്ഥിരീകരണങ്ങള്‍ നടത്തി, സഭാതലവനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്.