പൊൻകുന്നം: നെല്ല് വിളയാൻ പാടം വേണ്ട എന്ന് തെളിയിച്ച് ചിറക്കടവ് ലീലാനിലയത്തിൽ സുധാകരകുറുപ്പ്. വീട്ടുവളപ്പിൽ 20 സെന്റ് ഭൂമിയിൽ കരനെൽ വിളയിച്ച് നെൽകൃഷിയുടെ മഹത്വം അനുഭവിക്കുകയാണ് ഈ കർഷകൻ. നാലുവർഷം മുന്പ് കൃഷിഭവനിൽ നിന്ന് കിട്ടിയ വിത്തുപയോഗിച്ച് കൃഷി തുടങ്ങിയതാണ്.
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലേക്ക് നിറപുത്തരിക്ക് കതിർക്കറ്റയെത്തിക്കാനായിരുന്നു കൃഷി. മഹാദേവസേവാസംഘം ഭാരവാഹി കൂടിയായ ഇദ്ദേഹം കൂടുതൽ ഭൂമിയിൽ കൃഷിയിറക്കി വൻവിജയമാക്കി മാറ്റിയിരിക്കുകയാണീ വർഷം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ഇദ്ദേഹം മുപ്പതുവർഷത്തിലേറെയായി ചിറക്കടവിലെത്തിയിട്ട്. കെട്ടിടനിർമാണ സാമഗ്രികൾ വിതരണം ചെയ്യുന്ന ജോലിയുടെ ഇടവേളയിലാണ് കൃഷി. നേരത്തെ നെൽകൃഷിയുണ്ടായിരുന്നതിന്റെ അനുഭവസമ്പത്താണ് കൈമുതൽ.