സഭ അയയ്ക്കപ്പെട്ടവരുടെ കൂട്ടായ്മ-
ശ്ലീഹാക്കാല പരിചിന്തനം
ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,
പിതാവായ ദൈവം പുത്രനായ മിശിഹായെ ലോകത്തിലേക്കയച്ചു. മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ച് ദൈവസന്നിധിയില്‍ എത്തിക്കാനായിരുന്നു അത്. അതിനായി സ്വര്‍ഗത്തിലും ഭൂമിയിലും എല്ലാ അധികാരവും പിതാവ് പുത്രനു നല്‍കി (മത്താ 28: 18). അങ്ങനെ അനിഷേധ്യമായ അധികാരത്തോടെ ഈശോ പഠിപ്പിച്ചു, പാപങ്ങള്‍ മോചിച്ചു, പിതാവിന്റെ പക്കലേക്കുളള വഴി ഏതെന്നും വെളിപ്പെടുത്തി. അതേ അധികാരത്തോടെ ശിഷ്യന്മാര്‍ ലോകത്തില്‍ തന്റെ പ്രേഷിതദൗത്യം തുടരുന്നതിന് സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് ഈശോ അവര്‍ക്ക് കല്പന നല്‍കി:
‘പോയി സകല ജനങ്ങളെയും ശിഷ്യരാക്കി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ നല്‍കുകയും ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതെല്ലാം ആചരിക്കുവാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുക’ (മത്താ 28:19). ഇതാണ് സഭയുടെ പ്രേഷിതദൗത്യം. പിതാവ് പുത്രനെ അയച്ചതുപോലെ പുത്രന്‍ സഭയേയും അയച്ചിരിക്കുന്നു.
ഈശോമിശിഹായിലൂടെ വെളിപ്പെടുത്തപ്പെട്ട നിത്യരക്ഷയുടെ മാര്‍ഗ്ഗം എല്ലാവരെയും പഠിപ്പിക്കുക എന്നുളള സഭയുടെ ദൗത്യനിര്‍വഹണത്തില്‍ എല്ലാവരും അവരുടെ വിളിക്കനുസരിച്ച് പങ്കാളികളാകണം. പ്രേഷിതയായ സഭയുടെ പ്രേഷിതമക്കളാണ് നാം എല്ലാവരും. ‘പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ സഭ മുഴുവന്റെയും പ്രാര്‍ത്ഥനയോടും സഹകരണത്തോടുംകൂടി നിര്‍വഹിക്കേണ്ട ഒരു ചുമതലയാണ് പ്രേഷിതവൃത്തി’ എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (പ്രേഷിതപ്രവര്‍ത്തനം, 6). വഴിയും സത്യവും ജീവനുമായി ഈശോമിശിഹായെ അറിയുകയും സ്‌നേഹിക്കുകയും വിശ്വസിച്ചനുസരിക്കുകയും ചെയ്യുന്നവരായി മനുഷ്യരെ രൂപപ്പെടുത്തുകയാണ് പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മിശിഹായാണ് വഴിയും സത്യവും ജീവനുമെന്ന് ഇനിയും വിശ്വസിക്കാത്ത ജനതകളോടു ഈ സുവിശേഷം പ്രസംഗിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്യുന്ന മിഷന്‍ പ്രവര്‍ത്തനം (പ്രേഷിതപ്രവര്‍ത്തനം, 6) സഭവയുടെ അനിഷേധ്യമായ ദൈവനിയോഗമാണ്.
ഇപ്രകാരമുളള പ്രേഷിതപ്രവര്‍ത്തനം മതസ്വാതന്ത്ര്യത്തിന് എതിരല്ലേയെന്ന് സംശയമുണ്ടാകാം. മതസ്വാതന്ത്ര്യം മനുഷ്യന്റെ അവകാശമാണെന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്ന കാര്യമാണ്. മതസ്വാതന്ത്ര്യത്തെക്കുറിച്ച് വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത് ഇതാണ്: ‘ആരില്‍നിന്നായാലും ഉണ്ടായേക്കാവുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിമുക്തരായിരിക്കുക എന്നതിലാണ് മതസ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്. അതായത്, മതകാര്യങ്ങളില്‍ സ്വന്തം മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരും നിര്‍ബന്ധിക്കപ്പെടരുത്. അതുപോലെതന്നെ മതസംബന്ധമായ കാര്യങ്ങളില്‍ സ്വന്തം മനസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഒരുവനെ ആരും തടയാന്‍ പാടില്ല. ഭരണകൂടം പൗരന്മാരുടെ മതജീവിതത്തെ അംഗീകരിക്കുകയും അതിനുവേണ്ട ആനുകൂല്യങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം. മതാനുഷ്ഠാനത്തെ നിയന്ത്രിക്കാനോ തടസ്സപ്പെടുത്താനോ ആണ് ഭരണാധികാരികള്‍ തുനിയുന്നതെങ്കില്‍ അവര്‍ തങ്ങളുടെ പരിധികള്‍ അതിലംഘിക്കുകയാണ്’ (മതസ്വാതന്ത്ര്യം, 3). ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യത്തെ മനുഷ്യന്റെ മൗലികാവകാശമായി അംഗീകരിച്ചിട്ടുള്ളതാണ്. അത് അഭംഗുരം സംരക്ഷിക്കപ്പെടണം.
മനുഷ്യന്റെ നിത്യരക്ഷയ്ക്കാവശ്യമായ കാര്യങ്ങളാണ് ഈശോമിശിഹായിലൂടെ ദൈവം നമുക്ക് വെളിപ്പെടുത്തി തന്നത്. ഇക്കാര്യങ്ങള്‍ എല്ലാവരെയും പഠിപ്പിക്കുക എന്നത് (മത്താ 28:19) ദൈവകല്പനയാണ്. അത് വിശ്വസ്തയോടെ നിര്‍വ്വഹിക്കപ്പെടണം ( മതസ്വാതന്ത്രം, 14). രക്ഷയുടെ സന്ദേശമായ സുവിശേഷം അറിഞ്ഞ് ബോദ്ധ്യപ്പെടുന്ന ആള്‍ക്ക് അത് ജീവിക്കാനും മറ്റുള്ളവരെ തന്റെ ബോദ്ധ്യം അറിയിക്കാനുമുള്ള കടമയും അവകാശവുമുണ്ട്. മറ്റുള്ളവര്‍ക്ക് നന്മയ്ക്കുപകരിക്കുന്ന ഒരു കാര്യം അറിയുന്ന വ്യക്തി ഒരു മനുഷ്യസ്‌നേഹിയാണെങ്കില്‍ അക്കാര്യം ഒളിച്ചുവയ്ക്കാതെ അറിയിക്കുക എന്നതാണ് സ്വാഭാവികമായ രീതി. അങ്ങനെയെങ്കില്‍ മനുഷ്യവര്‍ഗ്ഗത്തിനു മുഴുവന്‍ നിത്യരക്ഷയുടെ സന്ദേശമായ സുവിശേഷം സ്വീകരിച്ചവര്‍ അത് മറ്റുള്ളവരോട് പ്രഘോഷിക്കയും അതിന് സാക്ഷ്യം വഹിക്കയും വേണം. അതാണ് സഭയുടെയും സഭാമക്കളുടെയും പ്രേഷിതദൗത്യം.
പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്ന മൂന്ന് കാര്യങ്ങളിലൂടെയാണ് പ്രേഷിതദൗത്യം നിര്‍വഹിക്കാന്‍ സഭ നിയുക്തയായിരിക്കുന്നത് സഭയുടെ അജപാലനപ്രവര്‍ത്തനങ്ങളെല്ലാം ഈ മൂന്നു കാര്യങ്ങളിലായി സംഗ്രഹിക്കാവുന്നതാണ്. സഭയുടെ ഘടനയും സംവിധാനങ്ങളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇവയില്‍ അധിഷ്ഠിതമാകണം. അതിരൂപതാംഗങ്ങളില്ലെല്ലാവരിലും ഇപ്രകാരമൊരു പ്രേഷിതാഭിമുഖ്യം വേരുപിടിച്ച് വളരണം. അങ്ങനെ സഭയോട് ചേര്‍ന്ന്, അതിരൂപതയോട് ചേര്‍ന്ന് ചിന്തിക്കാനും ജീവിക്കാനും പ്രവര്‍ത്തിക്കാനും ഇടയാകണം. അപ്പോഴാണ് സഭയോടൊപ്പം നമ്മളും പ്രേഷിതരാകുന്നത്. നമ്മുടെ അതിരൂപത നടപ്പിലാക്കിവരുന്ന പഞ്ചവത്സര അജപാലന പദ്ദതിയുടെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം അതിരൂപതാംഗങ്ങളില്‍ പ്രേഷിതാഭിമുഖ്യം വളര്‍ത്തുകയും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നാതാണ്. ഇപ്പോള്‍ ഒന്നരവര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ ലക്ഷ്യത്തിലേക്ക് എത്രമാത്രം വളരുന്നുണ്ടെന്നു വിലയിരുത്താനും, അതിനായി കൂടുതല്‍ തീവ്രതയോടെ പരിശ്രമിക്കാനും, സുവിശേഷത്തില്‍ നിന്ന് അതിനുള്ള ഊര്‍ജ്ജവും പ്രചോദനവും ഉള്‍ക്കൊള്ളാനുമുള്ള അവസരമാണ് ആരാധനാവത്സരത്തിലെ ശ്ലീഹാക്കാലം.
ആരാധനാവത്സരകലണ്ടറില്‍ ശ്ലീഹാക്കാലത്തെ വേദപുസ്തകവായനകള്‍ പ്രേഷിതപ്രവര്‍ത്തനത്തിനും സാക്ഷ്യത്തിനും ഏറെ വെളിച്ചവും ഊര്‍ജ്ജവും പകരുന്നതാണ്. ഏകമനസ്സോടെ പ്രാര്‍ത്ഥിച്ച് കാത്തിരുന്ന ശ്ലീഹന്മാരുടെമേല്‍ കര്‍ത്താവ് വാഗ്ദാനം ചെയ്ത റൂഹാദ്ക്കുദ്ശാ ഇറങ്ങി വസിച്ചപ്പോള്‍ സുവിശേഷപ്രഘോഷണത്തിന് അവര്‍ ശക്തരായി. ശിഷ്യപ്രമുഖനായ കേപ്പായുടെ ധീരമായ സുവിശേഷപ്രഘോഷണം അനേകരെ മിശിഹായിലേക്കടുപ്പിച്ചു. വിവിധ ഭാഷകള്‍ സംസാരിച്ചിരുന്നവരും വിവിധ ദേശങ്ങളില്‍ നിന്നുള്ളവരും കേപ്പായുടെ ആറാമായ (സുറിയാനി) ഭാഷയിലെ പ്രസംഗം ഗ്രഹിച്ചു ഒരു കൂട്ടായ്മയായി. ഭാഷകള്‍ക്കും രാജ്യങ്ങള്‍ക്കും അതീതമായി എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് സുവിശേഷമെന്നും അത് എല്ലാവരെയും ഒരു കുടുംബം പോലെ സ്‌നേഹത്തില്‍ ഒരുമിപ്പിക്കുന്നതാണെന്നും, റൂഹാദ്ഖൂദ്ശായുടെ പ്രവര്‍ത്തനമാണതെന്നും വെളിപ്പെടുത്തുന്നതാണ് പെന്തക്കുസ്താ സംഭവം. പ്രേഷിതപ്രവര്‍ത്തനത്തിലുടനീളം റൂഹാദ്ഖുദ്ശായുടെ പ്രവര്‍ത്തനത്തിനു നമ്മള്‍ വിധേയപ്പെടണമെന്നും മാനുഷികശക്തികൊണ്ടല്ല മാനസാന്തരം സംഭവിക്കുന്നതെന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
സുവിശേഷപ്രഘോഷണമെന്നാല്‍ മുഖ്യമായും ഈശോയെ പ്രഘോഷിക്കുകയാണെന്ന് കേപ്പായുടേതുള്‍പ്പെടെ നടപടി പുസ്തകത്തില്‍ രേഖപെടുത്തിരിയിക്കുന്ന സുവിശേഷപ്രഘോഷണങ്ങള്‍ വ്യക്തമാക്കുന്നു. ഈശോയുടെ അത്ഭുതപ്രവര്‍ത്തികളും ഉപമകളുമൊക്കെ സുവിശേഷം രക്ഷയുടെ സന്ദേശമാണെന്നും അത് ഈശോതന്നെയാണെന്നുമുളള സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സുവിശേഷം സാര്‍വ്വത്രികസാഹോദര്യത്തിന്റെ സന്ദേശമാണെന്നും മിശിഹാനുയായി എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കുന്ന ഉപമയാണ് നല്ല സമരിയാക്കാരന്റേത്. പാപികളെ മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും ആനയിക്കാനാണ്, ശിക്ഷിക്കാനല്ല, ഈശോ വന്നിരിക്കുന്നതെന്നും, ഒരു പരസ്യപാപിനിയെപ്പോലും മഹാപ്രേഷിതയാക്കാന്‍ സാധിക്കുമെന്നും തെളിയിക്കുന്നതാണ് സമരിയാക്കാരി സ്ത്രീയുടെ മാനസാന്തരസംഭവം. ഇപ്രകാരം വിവിധ വേദപുസ്തവായനകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ പഠിച്ചും ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും പ്രേഷിതസാക്ഷ്യത്തിനുള്ള ശക്തിയാര്‍ജ്ജിക്കാന്‍ ശ്ലീഹാക്കാലം ഉപകരിക്കണം. ഭൗതികനേട്ടങ്ങളും സമ്പത്തുമല്ല ഈശോയിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ നിക്ഷേപം എന്ന തിരിച്ചറിവ് പ്രേഷിതസാക്ഷ്യത്തില്‍ അനിവാര്യമാണ്. ബാഹ്യപ്രകടനങ്ങളേക്കാള്‍ ആന്തരികപരിവര്‍ത്തനമാണാവശ്യമെന്ന് പുളിമാവിന്റെ ഉപമ വെളിപ്പെടുത്തുന്നു.
സ്‌നേഹം, കരുണ, ക്ഷമ, സഹിഷ്ണുത, സംയമനം, സഹനശീലം, നിഷ്‌കളങ്കത, എളിമ, ദൈവാശ്രയം തുടങ്ങിയവയാണ് പ്രേഷിതപ്രവര്‍ത്തനങ്ങളുടെ വിജയരഹസ്യം എന്ന് തെളിയിച്ച വിശുദ്ധരെയും രക്തസാക്ഷികളെയുമൊക്കെ ശ്ലീഹാക്കാലത്ത് നമ്മള്‍ അനുസ്മരിക്കുന്നുണ്ട്. അവരൊക്കെ മാതൃകയും പ്രചോദനവുമാകണം.
ചങ്ങനാശേരി അതിരൂപതയുടെ പ്രേഷിത പ്രവര്‍ത്തന ചരിത്രം അതിരൂപതാംഗങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. വൈദികരും സമര്‍പ്പിതരും ഉള്‍പ്പെടെ ആയിരക്കണക്കിന് മിഷണറിമാര്‍ അതിരൂപതയില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
1960 കന്യാകുമാരിയില്‍ അതിരൂപത മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കന്യാകുമാരി മിഷന്‍ ഇന്ന് തക്കല രൂപതയായി വളര്‍ന്നിരിക്കുന്നു. തക്കലരൂപതയിലെ വിരുതുനഗര്‍ ജില്ല പ്രവര്‍ത്തനത്തിനായി അതിരൂപത ഏറ്റെടുത്തിരിക്കുന്നു. 1975-ല്‍ ഉത്തര്‍പ്രദേശില്‍ അതിരൂപത പ്രവര്‍ത്തനം ആരംഭിച്ചു- ഇറ്റാവാ മിഷന്‍. അത് ഇന്ന് വിപുലമായ ഒരു മിഷന്‍ പ്രദേശമായി വളര്‍ന്നിരിക്കുന്നു. 2018-ല്‍ രാജസ്ഥാനില്‍ പുതിയൊരു മിഷന്‍ നമ്മള്‍ ഏറ്റെടുത്തു- ജെയ്പൂര്‍ മിഷന്‍. ഇതും വിപുലമായ ഒരു പ്രദേശമാണ്.
ഈ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് തീക്ഷ്ണമതികളും വിശുദ്ധരുമായ മിഷനറിമാരെ നമുക്കാവശ്യമുണ്ട്. നമ്മുടെ കുട്ടികളിലും യുവജനങ്ങളിലും പ്രേഷിതാഭിമുഖ്യം വളര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. എറ്റവും പ്രധാനം, ഈശോ തന്നെ പറഞ്ഞതുപോലെ, ‘വിളവധികം വേലക്കാര്‍ ചുരുക്കം. അതിനാല്‍ തന്റെ വയലിലേക്ക് വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍’. മക്കള്‍ക്ക് ദൈവവിളി ലഭിക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം. ദൈവവിളി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന മക്കളെ പിന്തിരിപ്പിക്കയല്ല, പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
മിഷനില്‍ വേല ചെയ്യുന്നവര്‍ക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. പുതുതായി ആരംഭിച്ചിരിക്കുന്ന മിഷനുകള്‍ ഇല്ലായ്മയില്‍ നിന്നാണ് വളര്‍ത്തിയെടുക്കേണ്ടത്. അതിന് സാധിക്കുന്നവരെല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണം. ഈ മിഷനുകളില്‍ പ്രവര്‍ത്തിക്കാന്‍ വൈദികരെയും സിസ്‌റ്റേഴ്‌സിനെയും ആവശ്യമുണ്ട്. സാധിക്കുന്ന അല്മായ പ്രേഷിതരും മുന്നോട്ടുവരണം. അങ്ങനെ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ നമുക്കും സജീവമായി പങ്കുചേരാം. നമ്മുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെമേല്‍ കര്‍ത്താവിന്റെ കൃപ സമൃദ്ധമായി ഉണ്ടാകട്ടെ.
സ്‌നേഹപൂര്‍വ്വം,