കൊച്ചി: തൊഴിലില്ലാത്തവരുടെ എണ്ണം ക്രൈസ്തവർക്കിടയിൽ കൂടുന്നുവെന്ന പാർലമെന്ററി റിപ്പോർട്ട് ഭീതിജനകമെന്നു സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം). ഇന്ത്യയിലെ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിലവിലുള്ള ന്യൂനപക്ഷ പദ്ധതികളിൽ ക്രൈസ്തവരെ കൂടുതലായി ഉൾപ്പെടുത്തുകയും സർക്കാർ-അർധസർക്കാർ തലങ്ങളിൽ ജോലി സംവരണം ഏർപ്പെടുത്തുകയും വേണമെന്നു സഭാ ആസ്ഥാനത്തു നടന്ന യോഗം ആവശ്യപ്പെട്ടു. ഇതിനു പുറമെ വിവിധ മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുമുണ്ട്.
നാഷണൽ സാമ്പിൾ സർവേ ഓഫീസ് ദേശീയ തലത്തിൽ നടത്തിയ പീരിയോഡിക്കൽ ലേബർ ഫോഴ്സ് സർവേ പ്രകാരം ഇന്ത്യയിലെ ഇതര മതന്യൂനപക്ഷങ്ങളേക്കാൾ കൂടുതലാണ് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ തൊഴിലില്ലായ്മ നിരക്ക്.
വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലും തൊഴിൽ മേഖലകളിലും ക്രൈസ്തവ സമൂഹം മുന്നിൽ നിൽക്കുന്നുവെന്ന നിരന്തരമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നതാണു പുതിയ കണക്കുകൾ. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സർക്കാർ-അർധസർക്കാർ ജോലികളിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും വാണിജ്യ വ്യവസായ ബിസിനസ് തലങ്ങളിലും ക്രൈസ്തവർ പുറന്തള്ളപ്പെട്ടിരിക്കുന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
മലയോര തീരദേശമേഖലയുടെ പ്രതിസന്ധികളും കാർഷിക തകർച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ക്രൈസ്തവർക്കിടയിൽ തൊഴിൽ രഹിതരുടെ എണ്ണം പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹികവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്.
വിവിധ ക്രൈസ്തവ സഭകൾ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യസ്ഥാപനങ്ങളൊഴിച്ചാൽ അഭ്യസ്തവിദ്യരായ ക്രൈസ്തവർക്കുള്ള ജോലി സാധ്യതാമേഖലകൾ പരിമിതമായി മാറിയിരിക്കുന്നു. നിലവിലെ സാമ്പത്തിക പിന്നോക്കാവസ്ഥ, ഉയർന്ന വിവാഹപ്രായനിരക്കിനും അവിവാഹിതരുടെ എണ്ണത്തിലുള്ള വർധനയ്ക്കും എണ്ണത്തിൽ ശുഷ്കിച്ച കുടുംബങ്ങൾക്കും ക്രൈസ്തവ ജനസംഖ്യാ ഇടിവിനും ഇടനൽകുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസം, സ്വയം തൊഴിൽ, സംരംഭകത്വം, കോച്ചിംഗ് സെന്റർ എന്നീ മേഖലകളിൽ കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങൾ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനല്ലാതെ ക്രൈസ്തവർക്കു സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയുടെ പേരിൽ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരിൽ, സംസ്ഥാന സെക്രട്ടറി മെൽബിൻ പുളിയംതൊട്ടിയിൽ, വൈസ് പ്രസിഡന്റ് അഞ്ജുമോൾ ജോണി പൊന്നമ്പേൽ, ഡെപ്യൂട്ടി പ്രസിഡന്റ് ജിതിൻ മുടപ്പാലയിൽ, സെക്രട്ടറി ആൽബിൻ വറപോളയ്ക്കൽ, ജിബിൻ താന്നിക്കാമറ്റത്തിൽ, കൗണ്സിലർമാരായ ആൽവിൻ ഞായർകുളം, ദിവ്യവിജയൻ കൊടിത്തറ എന്നിവർ പങ്കെടുത്തു.