രണ്ട് കുട്ടികൾ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാത്രമല്ല നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.
ബീഹാറിലെ ബെഗുസാരയ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്ങ്. രാജ്യത്തെ വർധിക്കുന്ന ജനസംഖ്യ കണക്കിലെടുത്ത് ലോകജന സംഖ്യാദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യത്തിനും പ്രകൃതി വിഭവങ്ങൾക്കും ജനസംഖ്യാ വർധനവ് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനസംഖ്യാ നിയന്ത്രണത്തിനായി ശക്തമായ നിയമം നിലവിൽ വരണം. പാർലമെന്റിൽ ഈ വിഷയം ചർച്ചയ്ക്ക് കൊണ്ടു വരണം. ഇസ്ലാമിക രാജ്യങ്ങൾ പോലും ഇത്തരത്തിലുള്ള ജനസംഖ്യാനിയന്ത്രണത്തിന് മുൻകൈ എടുക്കുന്നുണ്ട്.പക്ഷെ ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ അത് അപ്പോൾ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.