കൊച്ചി: കര്‍ദിനാളിനെതിരായ വ്യാജരേഖാ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നേരത്തേ അറസ്റ്റിലായ ആദിത്യന്‍റെ സുഹൃത്ത് വിഷ്ണു റോയ് ആണ് കസ്റ്റഡിയിലുള്ളത്. കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെട്ട പല സുപ്രധാന തെളിവുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ബാംഗ്ലൂരിലെ പ്രസിദ്ധമായ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്യുകയാണ് വിഷ്ണു. പെയ്മെന്റ് ഗേറ്റ് വേ ആപ്പ് ഡിസൈനിംഗ് മേഘലയിൽ പ്രഗല്ഭനായ വിഷ്ണു കര്‍ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കാന്‍ ആദിത്യനെ സഹായിച്ചെന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കാന്‍ വിഷ്ണു റോയി സഹായിച്ചെന്ന് നേരത്തേയുളള ചോദ്യം ചെയ്യലില്‍ പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലെത്തിയ കൊച്ചിയില്‍ നിന്നുളള പൊലീസ് സംഘം വിഷ്ണു റോയിയെ കസ്റ്റഡിയില്‍ എടുത്തത്. വ്യാഖ്യാരോപണങ്ങൾ ഉന്നയിച്ച് പോലീസിനെ സമ്മർദത്തിലാക്കാൻ ചിലർ നടത്തിയ ശ്രമങ്ങൾക്കുള്ള മറുപടിയാണ് അറസ്റ്റ് ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകളോട് കൂടിയുള്ള അറസ്റ്റ്.

വ്യാജരേഖ നിര്‍മ്മിക്കാനുപയോഗിച്ച കംബ്യൂട്ടറും നേരത്തേ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ പ്രധാന പ്രതികളായ ഫാ. പോള്‍ തേലക്കാട്, ഫാ. ആന്‍റണി കല്ലൂക്കാരന്‍ എന്നിവര്‍ക്ക് ഉപാധികളോടെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രമുഖർ ഉൾപ്പെടെ പലരും അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ആദിത്യനെ കസ്റ്റടിയിൽ മർദ്ദിച്ചു എന്നാരോപിച്ച് സുതാര്യതാ സമിതിയുടെയും വിമതവൈദികരുടെയും ഒത്താശയോടെ ശനിയാഴ്ച സത്യഗ്രഹം സംഘടിപ്പിച്ച കോന്തുരുത്ത് ഇടവകക്കാർ വിഷ്ണുവിന്റെ അറസ്റ്റോടെ കടുത്ത പ്രതിരോധത്താലായിരിക്കുകയാണ്. പ്രതിഭാശാലികളായ രണ്ടു ചെറുപ്പക്കാരുടെ ഭാവി സഭയിലെ ഉൾ രാഷ്ട്രീയത്തിന്റെ പേരിൽ ബലികൊടുക്കപ്പെട്ടതിനെതിരെയും ജനവികാരം ശക്തമാണ്.