കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സാജൻ ഉപയോഗിച്ചിരുന്ന ഫോണുകൾ കേന്ദ്രികരിച്ചു പുതിയ തെളിവുകൾ ലഭിച്ചു. സാജന്റെ പേരിലുള്ള ഒരു സിം കാർഡ് ഉപയോഗിക്കുന്ന ഫോണിലേക്ക് കഴിഞ്ഞ മൂന്നുമാസത്തിനിടെ വന്ന 2400 കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.
ഈ സിം കാർഡ് സാജനല്ല ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാത്രി 10.30 നും പുലർച്ചെ ഒന്നിനും ഇടയിലാണ് ഈ ഫോണിലേക്ക് വന്ന ഫോൺ കോളുകളേറെയും. ഒരേ നന്പറിൽനിന്നു തന്നെയാണ് കോളുകൾ വന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതു വിളിച്ചയാളെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങളാണ്.
പാർഥാ കൺവൻഷൻ സെന്ററിന് അനുമതി കിട്ടാതെ മാനസികമായി തളർന്ന സാജനെ മറ്റു ചില പ്രശ്നങ്ങളും അലട്ടിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതും ജീവനൊടുക്കാൻ കാരണമായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
ഇതുവരെ നടന്ന അന്വേഷണത്തിൽ ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരേയോ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥർക്കെതിരെയോ കേസെടുക്കാൻ പാകത്തിനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.