കൊച്ചി: മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥി അഭിമന്യുവിന്റെ ഓർമക്കായി എസ് എഫ് ഐ കോളേജ് അങ്കണത്തിൽ സ്ഥാപിച്ച അഭിമന്യു സ്മാരക ശിലാ അനധികൃതമാണെന്നു ഹൈകോടതിയിൽ സർക്കാർ. സ്മാരകം നിർമിച്ചതിന് ശേഷമാണ് കോളജ് ഗവേണിംഗം കൗൺസിലിനെ വിദ്യാർഥികൾ സമീപിച്ചതെന്നും ഇത് ശരിയായില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അഭിമന്യുവിന് സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയിൽ സർക്കാർ വിശദീകരണം നൽകിയത്.
സ്മാരകത്തിന് അനുമതിയുണ്ടോ എന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്നും വിശദീകരിക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. കാമ്പസിൽ വിദ്യാർഥി നേതാക്കളുടെ സ്മാരകം നിർമിക്കാൻ അവകാശമില്ലെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളായ കെ.എം. അംജിത്ത്, കാർമൽ ജോസ് എന്നിവർ ഹൈക്കേടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് സ്റ്റേറ്റ് അറ്റോർണി കോടതിയിൽ സർക്കാർ നിലപാട് വിശദീകരിച്ചത്.
മരിച്ചു പോയവർക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് അപകടകരമാണെന്ന് നിരീക്ഷിച്ച കോടതി, പൊതു സ്ഥലങ്ങളിൽ ഇത്തരം സ്മാരകങ്ങൾ പണിതുയർത്തുന്നത് സർക്കാറിന്റെ നയമാണോ എന്നും ചോദിച്ചു. ഇക്കാര്യത്തിൽ ഓഗസ്റ്റ് ഒമ്പതിനകം കോളജ് പ്രിൻസിപ്പൽ, ഗവേണിംഗ് കൗൺസിൽ, പോലീസ് മേധാവി എന്നിവർ വിശദമായ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഓഗസ്റ്റ് 12ന് കേസ് വീണ്ടും പരിഗണിക്കും.