ന്യൂഡൽഹി: 2016-നുശേഷം രാഷ്ട്രീയ പാർട്ടികൾക്കായി ലഭിച്ച സംഭാവനകളുടെ 93 ശതമാനവും കൈക്കലാക്കിയതു ബിജെപി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) രേഖകൾ പരിശോധിച്ചു നടത്തിയ വിലയിരുത്തലിലാണു വിവരങ്ങൾ പുറത്തുവരുന്നത്.
20,000-ൽ കൂടുതൽ സംഭാവന നൽകുന്നവരുടെ പൂർണ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറണമെന്നു നിർദേശമുണ്ടെങ്കിലും പാൻ വിവരങ്ങളും ദാതാക്കളുടെ വിലാസവും നോക്കാതെയാണ് സംഭാവനകൾ ശേഖരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2016-17, 2017-18 സാന്പത്തിക വർഷത്തിൽ ആറു പാർട്ടികൾക്ക് ആകെ സംഭാവന ലഭിച്ച 985 കോടി രൂപയിൽ 915 കോടിയും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഇതിൽതന്നെ 405 കോടി ഒരു ട്രസ്റ്റിൽനിന്നു മാത്രമാണ് എത്തിയത്.
2014-05 സാന്പത്തിക വർഷത്തിനും 2011-12 സാന്പത്തിക വർഷത്തിനും ഇടയിൽ 382 കോടി രൂപയാണ് രാഷ്ട്രീയ പാർട്ടികൾക്കു സംഭാവനയായി ലഭിച്ചത്. ഇതിൽ 87 ശതമാനവും വെളിപ്പെടുത്തിയ ഉറവിടങ്ങളിൽനിന്നായിരുന്നെന്ന് എഡിആർ അന്വേഷണത്തിൽ വ്യക്തമായി. 2012-13 സാന്പത്തിക വർഷത്തിനും 2015-16 സാന്പത്തിക വർഷത്തിനും ഇടയിൽ 956 കോടി രൂപ നൽകിയ കോർപറേറ്റ് ഹൗസുകൾക്കും രേഖകളും വിലാസവുമുണ്ടായിരുന്നു.