ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. തുടര്‍ച്ചയായി മൂന്നു തവണ തടസ്സപ്പെട്ട രാജ്യസഭ വൈകുന്നേരം മൂന്നുവരെ നിര്‍ത്തിവച്ചു. ലോക്സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
രാജ്യസഭയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ ചോദ്യോത്തരവേള കഴിയാതെ നോട്ടീസ് പരിഗണിക്കാനാവില്ലെന്നു അധ്യക്ഷന്‍ നിലപാടെടുത്തതോടെ പ്രതിഷേധമുണ്ടാകുകയായിരുന്നു.
ലോക്സഭയും തുടർച്ചയായ മൂന്നാം ദിവസവും കർണ്ണാടക വിഷയത്തിൽ പ്രക്ഷുബ്ധമായി. ജനാധിപത്യ സര്‍ക്കാറുകളെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടർന്നു ‘ജനാധിപത്യം സംരക്ഷിക്കുക’ എന്ന മുദവാക്യം മുഴക്കി പ്രതിപക്ഷം വാക്കൗട്ട് നടത്തി.