ന്യൂഡൽഹി: കേരളത്തില്‍ നിന്ന് കാണാതായ ജര്‍മ്മന്‍ യുവതി ലിസക്ക് ഈജിപ്തിലെ മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇന്റര്‍ പോള്‍ റിപ്പോര്‍ട്ട്. ഇവര്‍ക്കായി കേരളാ പോലീസിന്റെ ആവശ്യപ്രകാരം യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു.
മൂന്നു മാസം മുൻപാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീടു കാണാതായെന്നു കാട്ടി മാതാവ് ജർമൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്. പരാതി ഡിജിപിക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.
ലിസയുടെ ലഭ്യമായ വിവരങ്ങളും ചിത്രവും ഇന്റെര്‍ പോള്‍ മുഖാന്തരം വിവിധ രാജ്യങ്ങള്‍ക്കു കൈമാറി. ജര്‍മനി, സ്വീഡന്, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നു.