നെടുന്പാശേരി: ജിദ്ദയിൽ നിന്നു കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ സംസം വെള്ളം കൊണ്ടുപോകുന്നതിന് താത്ക്കാലികമായി ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഈ തീരുമാനത്തെ തുടർന്ന് യാത്രക്കാർക്കുണ്ടായ പ്രയാസത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
ജിദ്ദയിൽ നിന്നു കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ ഇനി അഞ്ച് ലിറ്റർ സംസം വെള്ളം കൊണ്ടുപോകാനാകില്ല എന്നാണ് അറിയിച്ചിരുന്നത്. ഇക്കാര്യം ട്രാവൽ ഏജൻസികളെ സർക്കുലർ വഴി അറിയിക്കുകയും ചെയ്തു. ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന വലിയ വിമാനങ്ങൾ ഹജ്ജ് സർവീസുകൾക്കായി പിൻവലിച്ചിരുന്നു. പകരം ചെറിയ വിമാനങ്ങൾ സർവീസ് നടത്തുന്നതുമൂലമുണ്ടായ സ്ഥലപരിമിതിയാണ് സംസം വെള്ളം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്താൻ കാരണമായി പറഞ്ഞിരുന്നത്.
സ്വകാര്യ ട്രാവൽ ഏജൻസികൾ വഴി ഹജ്ജ്, ഉംറ തീർഥാടനത്തിന് പോകുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നു ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് 40 കിലോ ബാഗേജും അഞ്ചു ലിറ്റർ വെള്ളവും അനുവദിക്കുമെന്നും ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 45 കിലോ ബാഗേജും അഞ്ച് ലിറ്റർ സംസം വെള്ളവും കൊണ്ടുവരാൻ അനുവദിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.<