തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത നിരക്ക് കുത്തനെ വർധിപ്പിച്ചു സർക്കാർ. വീട്ടുപയോഗത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 25 പൈസ മുതൽ 40 പൈസവരെ വർധിപ്പിച്ചതിനൊപ്പം ഫിക്സഡ് ചാർജിന് സ്ലാബ് സമ്പ്രദായം ഏർപ്പെടുത്തിയുമാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിരക്കുകൾ പരിഷ്കരിച്ച് ഉത്തരവിറക്കിയത്. ചാർജ് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ഗാർഹിക ഉപയോക്താക്കളുടെ യൂണിറ്റ് നിരക്കിൽ 11.4 ശതമാനം വർധന വരുത്തിയപ്പോൾ വ്യാവസായിക ഉപയോക്താക്കളിലെ എൽടി(ലോ ടെൻഷൻ) വിഭാഗത്തിന് 5.7 ശതമാനവും എച്ച്ടി(ഹൈ ടെൻഷൻ ) വിഭാഗത്തിന് 6.1 ശതമാനവും കൊമേഴ്സ്യൽ വിഭാഗത്തിന് 3.3 ശതമാനവുമാണ് വർധന. ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഫിക്സഡ് ചാർജിൽ 35 രൂപ മുതൽ 150 രൂപവരെ വർധനയാണ് വരുത്തിയിരിക്കുന്നത്.
സിംഗിൾ ഫേസ് കണക്ഷനുകൾക്ക് 35 രൂപ മുതൽ 150 രൂപ വരെയും ത്രീ ഫേസ് കണക്ഷനുകൾക്ക് 90 രൂപ മുതൽ 150 രൂപ വരെയുമാണ് ഫിക്സഡ് ചാർജിലെ വർധന. പുതിയ നിരക്ക് പ്രകാരം 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താവിന് പ്രതിമാസം വൈദ്യുതി ചാർജിൽ 42 രൂപയുടെ വർധന ഉണ്ടാകും.