കൊച്ചി: കൊട്ടക്കന്പൂർ ഭൂമി ഇടപാടിൽ മുൻ എംപി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് കോടതി തള്ളി. തൊടുപുഴ സെഷൻസ് കോടതിയാണ് മൂന്നാർ ഡിവൈഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിയത്.
ഭൂമി തട്ടിപ്പുകേസിൽ ജോയ്സ് ജോർജിനും കുടുംബത്തിനുമെതിരെ തെളിവില്ലെന്നും തുടർനടപടികൾ അവസാനിപ്പിച്ചുവെന്നും കാട്ടിയാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതു തള്ളിയ കോടതി വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.
ഇടുക്കി കൊട്ടക്കന്പൂരിൽ ആദിവാസികളുടെ 24 ഏക്കർ ഭൂമി ജോയ്സ് ജോർജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തു എന്നായിരുന്നു കേസ്. രേഖകൾ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നു ഭൂമിയുടെ പട്ടയം മുന്പ് ഒരു വർഷത്തേക്ക് മുൻ സബ് കളക്ടർ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ജോയ്സ് ജോർജ് ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും സബ് കളക്ടറുടെ നടപടി റദ്ദാക്കാതെ പുനപരിശോധിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.