ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകം താത്കാലിക ക്ലൈമാക്സിലേക്ക്. 13 പേരുടെ രാജിയിൽ സ്പീക്കർ ഇന്നു തീരുമാനമെടുക്കും. രാവിലെ 9.30 ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നുണ്ട്. വിമതർ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ ഇവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വിമതരുടെ രാജി സ്പീക്കർ സ്വീകരിച്ചിട്ടില്ല.
രാജിവെച്ച വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ വിമതർ ഗോവയിലേക്ക് മാറുമെന്നും സൂചനയുണ്ട്. മുംബൈയിൽ വിമത എംഎൽഎമാർ തങ്ങിയ ഹോട്ടലിനു നൽകിയിരുന്ന സുരക്ഷ മുംബൈ പോലീസ് പിൻവലിച്ചു. അതേസമയം 107 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ബിജെപി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
13 എംഎൽഎമാരുടെ രാജിയെത്തുടർന്നു പ്രതിസന്ധിയിലായ സഖ്യസർക്കാരിനെ രക്ഷിക്കാനുള്ള അവസാനശ്രമമെന്ന നിലയിൽ ജനതാദളിലെയും കോണ്‍ഗ്രസിലെയും മുഴുവൻ മന്ത്രിമാരും സ്വമേധയാ രാജിവച്ചിരുന്നു. ഇതുവഴി മന്ത്രിസഭാ അഴിച്ചുപണിയാണു ലക്ഷ്യം. അതൃപ്തരായ എംഎൽഎമാർക്കു മന്ത്രിപദവി നൽകി പ്രതിസന്ധി ഒഴിവാക്കാമെന്നും വിലയിരുത്തുന്നു.
അതേസമയം, മന്ത്രിമാരായ എച്ച്. നാഗേഷ്, ആർ. ശങ്കർ എന്നിവർ രാജിവച്ചത് സർക്കാരിനെ കൂടുതൽ കുഴപ്പത്തിലാക്കി. സർക്കാരിനുള്ള പിന്തുണയും ഇവർ പിൻവലിച്ചു. കഴിഞ്ഞ മാസമാണ് സ്വതന്ത്ര അംഗങ്ങളായ ഇരുവരും മന്ത്രിസഭയിലെത്തിയത്. മുതിർന്ന നേതാവും കോണ്‍ഗ്രസ് വിമതനുമായ റോഷൻ ബെയ്ഗും രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചു.
രണ്ടുദിവസമായി നടത്തുന്ന മാരത്തണ്‍ ചർച്ചകൾക്കുശേഷം ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് കോണ്‍ഗ്രസ് മന്ത്രിമാർ രാജിവയ്ക്കുക എന്ന ബദൽതന്ത്രം രൂപപ്പെട്ടത്. ഈ യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി.