ജസ്റ്റിൻ ജോർജ്
സീറോ മലബാർ സഭയിലെ ആരാധനാ ക്രമത്തിനും, പാരമ്പര്യത്തിനും വേണ്ടിയുള്ള തർക്കങ്ങളിൽ തുടങ്ങിയ അഭിപ്രായ വിത്യാസം രൂക്ഷമായി കിട്ടുന്ന അവസരങ്ങൾ എല്ലാം ഉപയോഗിച്ചുള്ള ഏറ്റുമുട്ടലുകൾ ഇന്ന് തെരുവിൽ വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കണമെന്ന് തോന്നുന്നു.
സീറോ മലബാർ കത്തോലിക്കർ, മലങ്കര കത്തോലിക്കർ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമാ സഭക്കാരെയാണ് പൊതുവായി നസ്രാണി / സുറിയാനി ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നത്, കേരളത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളും സ്വാധീനവും ഉള്ളത് സീറോ മലബാർ സഭക്കാണ്. തോമാശ്ലീഹായുടെ അനുയായികളായി കേരളത്തിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് ആധ്യാത്മിക നേതൃത്വം നല്കാൻ മധ്യപൗരസ്ത്യ ദേശത്ത് നിന്നാണ് പിതാക്കന്മാരും അച്ചന്മാരും ഒരു കാലത്ത് വന്നിരുന്നത്, മധ്യപൗരസ്ത്യ ദേശത്തെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഇതിനോടകം ഏകദേശം തീരുമാനത്തിൽ എത്തി കഴിഞ്ഞതിനാൽ പൗരസ്ത്യ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ക്രിസ്ത്യൻ വിശ്വാസം ബാക്കി ഉള്ളത് റഷ്യയിലും പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ളത് കേരളത്തിലുമാണ്.
ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് (1920) തൃശൂർ ആസ്ഥാനമാക്കി ആരംഭിച്ചതാണ് കാത്തലിക് സിറിയൻ ബാങ്ക്, തൃശൂർ അതി രൂപതക്ക് വ്യക്തമായ സ്വാധീനവും ഈ അടുത്ത കാലം വരെ ബാങ്കിൽ ഉണ്ടായിരുന്നു. കാല ക്രമേണ ബാങ്ക് മാനേജ് ചെയ്യുന്നവരുടെ ദീർഘ വീക്ഷണം ഇല്ലായ്മയും, കഴിവ്‌കേട് അല്ലെങ്കിൽ ഉത്തരവാദിത്വ ബോധത്തിന്റെ കുറവ് കൊണ്ടും ബിസിനെസ്സ് നഷ്ടത്തിലേക്ക് കൂപ്പു കുത്തി. നില നിൽപ്പിന്റെ ഭാഗമായി ബാങ്കിന്റെ ഷെയർ മറ്റു പലർക്കും കൊടുക്കുകയും രൂപതയുടെ കയ്യിൽ നിന്ന് നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. പ്രമുഖനായ ഒരു വിദേശ മലയാളിയുടെ കൈവശമാണ് ബാങ്കിന്റെ 5% ഷെയർ, റിസർവ് ബാങ്കിന്റെ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് 5% കൂടുതൽ ബാങ്കിന്റെ ഷെയർ വാങ്ങുവാൻ സാധിക്കില്ല, കേരളത്തിൽ ബേസ് ചെയ്തിട്ടുള്ള എല്ലാം ബാങ്കുകളിലും ഇദ്ദേഹത്തിന് 5% അല്ലെങ്കിൽ ഇതിനോട് അടുത്ത് ഷെയർ ഉണ്ട്. കനേഡിയൻ ബിസിനെസ്സുകാരനും ഇന്ത്യൻ വംശജനുമായ പ്രേംവാട്ട്സിനാണ് ബാങ്കിന്റെ ഭരണം നിയന്ത്രിക്കാൻ മാത്രം ഷെയർ ഉള്ളത്, ബാങ്ക് അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറി കടക്കുവാൻ വേണ്ടിയുള്ള ശ്രമ ഫലമായാണ് ബാങ്കിന്റെ ഭരണം നിയന്ത്രിക്കാൻ മാത്രം ഷെയർ വാങ്ങുവാനുള്ള അനുമതി റിസർവ് ബാങ്കിൽ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചത്.
രൂപതയുടെ കയ്യിൽ നിന്ന് നിയന്ത്രണം നഷ്ട്ടം ആയപ്പോൾ പുതിയതായി വന്ന ഉടമസ്ഥർ ബാങ്ക് ലാഭത്തിൽ എത്തിക്കാനുള്ള പണി ആരംഭിച്ചു, അതിൽ അവരെ തെറ്റ് പറയുവാനും സാധിക്കില്ല. ബിസിനെസ്സ് കൂട്ടുവാൻ വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ അവർക്ക് മനസ്സിലായത് വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കിന്റെ പേരിൽ സിറിയ എന്ന് കാണുന്നതിനാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെന്നാണ്, ഒരു കാലത്ത് ക്രിസ്ത്യൻ വിശ്വാസത്തിന്റെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന സിറിയ ഇന്ന് അറിയപ്പെടുന്നത് തീവ്രവാദികളുടെ പേരിൽ ആയത് എന്തൊരു വിരോധാഭാസം ! കേരളത്തിലെ ബാങ്കുകളിൽ ഏറ്റവും കൂടുതൽ ബിസിനെസ്സ് നടക്കുന്നത് വിദേശ മലയാളികളുമായി ബന്ധപ്പെട്ടാണ് പ്രത്യേകിച്ചും ഗൾഫ് മലയാളികൾ …. ബാങ്കിന്റെ പേരിൽ കാത്തലിക്ക് എന്നുള്ളതിനാൽ അവിടെയും ചില പ്രശ്നം ഉണ്ടെന്ന് മാനേജ്‌മെന്റ് മനസ്സിലാക്കി റിസർവ് ബാങ്കിന്റെ അനുമതിയോടെ സിറിയയും, കാത്തലിക്കും ഒഴിവാക്കി CSB എന്ന് ബാങ്കിനെ പുനർ നാമകരണം ചെയ്തു.
“We have dropped the word ‘Syrian’ from our name (effective June10). And we thought better to retain the old brand by using the name CSB, because we were known as CSB all along. The word ‘Catholic’ may also communicate that the bank is a community-based bank, which we are not now. It is a broad-based bank catering to every community and every geography, and there is no Syrian connection for us”
പാരമ്പര്യം സംരക്ഷിക്കുവാനും, ആരാധന ക്രമത്തിനും വേണ്ടി തർക്കങ്ങൾ നടത്തുന്നവർ സുറിയാനികളുടെ പാരമ്പര്യത്തിന് തുടക്കം കുറിച്ച സിറിയയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും. പള്ളികളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഭരണം പിടിച്ചെടുക്കാൻ കേസും തെരുവ് യുദ്ധവും നടത്തി കൊണ്ടിരിക്കുന്ന ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾക്കും എന്താണ് തങ്ങളുടെ ചുറ്റും നടന്നു കൊണ്ടിരിക്കുന്നത് എന്ന് കണ്ണ് തുറന്ന് നോക്കാവുന്നതാണ്. സാമുദായികമായ വിഷയങ്ങളിൽ വേണ്ട ശ്രദ്ധ കൊടുക്കാതെ സ്ഥാപനങ്ങൾ കെട്ടി പൊക്കാൻ മാത്രമായി സമുദായത്തിന്റെ താല്പര്യങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കും മറ്റു തല്പര കക്ഷികൾക്കും മുൻപിൽ അടിയറ വെക്കുന്ന സാമുദായിക നേതൃത്വം കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയെക്കാൾ ഒരു കാലത്ത് വലുതായിരുന്ന സിറിയൻ കാത്തലിക് ബാങ്കിന് സംഭവിച്ച ദുരന്തത്തിൽ നിന്ന് പാഠം പഠിക്കുന്നത് നല്ലതാണ്, ബാങ്ക് നഷ്ട്ടപെട്ടു എന്ന് മാത്രമല്ല കാത്തലിക്ക് എന്ന വാക്ക് പോലും ബാങ്കിന്റെ പേരിൽ ഉണ്ടാകാൻ പാടില്ല എന്ന് തീരുമാനവും ഉണ്ടായി. ഇനിയെങ്കിലും നാളെയെ കുറിച്ച് ചിന്തിച്ചു ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ ഇന്ന് വളരെ അഭിമാനത്തോടെ കൊണ്ട് നടക്കുന്ന പല സ്ഥാപനങ്ങളുടെയും അവസ്ഥ ഇത് തന്നെ ആയി മാറിയേക്കാം.
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സിറിയയിലെ (മധ്യപൗരസ്ത്യ ദേശത്തെ) ക്രിസ്ത്യാനികളുടെ അത്രയും ദാരുണമായ അവസ്ഥ ഉണ്ടാകുവാനുള്ള സാധ്യത ഇല്ലെങ്കിലും കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പല വിവാദങ്ങളുടെയും പുറകിൽ നേട്ടം ഉണ്ടാക്കിയിട്ടുള്ളത് ആരാണെന്ന് അന്വേഷിക്കുന്നവർക്ക് മനസ്സിലാക്കാൻ ഒത്തിരിയേറെ കാര്യങ്ങളുണ്ട്. ഇനി എങ്കിലും തൊഴുത്തിൽ കുത്ത് നിർത്തിയതിന് ശേഷം തങ്ങളുടെ ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണെന്ന് യാഥാർഥ്യ ബോധത്തോടെ മനസ്സിലാക്കാൻ ശ്രമിക്കുകയും അതിനുള്ള പ്രതിവിധികളെ കുറിച്ച് ആലോചിക്കുകയും ചെയ്യണമെന്ന് സമുദായ മേലധ്യക്ഷന്മാരോട് അഭ്യർഥിക്കാൻ മാത്രമേ സാധാരണ വിശ്വാസികളായ ഞങ്ങളെ പോലുള്ളവർക്ക് സാധിക്കുകയുള്ളു ….. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ