മുംബൈ: മുംബൈ കോണ്‍ഗ്രസിലെ തമ്മിലടി പുതിയ തലത്തിലേക്ക്. മുതിർന്ന നേതാവും മുംബൈ കോണ്‍ഗ്രസ് മുൻ അധ്യക്ഷനുമായ സഞ്ജയ് നിരുപമിന്റെ ഉറ്റ അനുയായികൾക്കെതിരേ ആരോപണവുമായി നടിയും കോണ്‍ഗ്രസ് അംഗവുമായ ഉൗർമിള മാതോണ്ഡ്കർ രംഗത്തെത്തി. സന്ദേശ് കോന്ദ്വിൽക്കർ, ഭൂഷണ് പാട്ടിൽ എന്നിവർക്കെതിരേ ആരോപണങ്ങളുമായി നടി കോണ്‍ഗ്രസ് നേതൃത്വത്തിന് എഴുതിയ കത്താണു പുറത്തായത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പ് മേയ് 16-ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റയ്ക്ക് ഉൗർമിള എഴുതിയ എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. പ്രദേശികതലത്തിൽ പാർട്ടിക്കു സംഭവിച്ച വീഴ്ചകളെ സംബന്ധിച്ചും സംഘാടകരായിരുന്ന സന്ദേശ് കോന്ദ്വിൽക്കർ, ഭൂഷണ് പാട്ടിൽ എന്നിവർ കാണിച്ച വിഭാഗീയതയെ സംബന്ധിച്ചും തുറന്നെഴുതുന്നു. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മിലിന്ദ് ദേവ്റ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
സംഘാടനം, സത്യസന്ധത, കാര്യശേഷി എന്നിവയിൽ ഇരുവരും വിട്ടുവീഴ്ച ചെയ്തതിനെ തുടർന്ന് ഫലം പ്രതികൂലമാകുമെന്ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പ് എഴുതിയ കത്തിൽ ഉൗർമിള പറയുന്നു. മല്ലികാർജുൻ ഖാർഗെയും ശരത് പവാറും ഒന്നിച്ചു നടത്തിയ ബോറിവല്ലിയിലെ തെരഞ്ഞടുപ്പ് യോഗം ദുരന്തമായിരുന്നെന്നും തനിക്കുതന്നെ നാണക്കേടു തോന്നിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.