മാഞ്ചസ്റ്റർ: ഇന്നലെ മാഞ്ചസ്റ്റർ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്. നൂറു കണക്കിനാളുകൾ കുടുംബസമേതം രാവിലെ മുതൽ മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു. ഭക്തിയുടെ പാരമ്യത്തിൽ നടന്ന തിരുന്നാൾ കുർബാനയും പ്രദക്ഷിണവും എല്ലാം നാട്ടിലെ പള്ളിപെരുനാൾ കൂടിയ അതേ അനുഭവം. വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും അനുഗ്രഹങ്ങൾ തേടി മാധ്യസ്ഥം യാചിക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും വൻ ജനാവലിയാണ് മാഞ്ചസ്റ്ററിലെ വിഥിൻഷോയിലേക്ക് പ്രവഹിച്ചത്. ഭക്തി നിർഭരമായ പൊന്തിഭിക്കൽ കുർബാനയും തിരുനാൾ പ്രദക്ഷിണവുമെല്ലാം ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയർന്നതോടെ ആത്മ നിർവൃതിയിലാണ് ഏവരും ഇന്നലെ മാഞ്ചസ്റ്ററിൽ നിന്നും മടങ്ങിയത്.
ഇന്നലെ രാവിലെ 9.45 ന് തിരുനാൾ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേർന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ.ജോസഫ് ശ്രാന്പിക്കൽ പിതാവിനെയും വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലെ അലങ്കരിച്ചു മോഡി പിടിപ്പിച്ച അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചതോടെ ഭക്തി നിർഭരമായ തിരുന്നാൾ കുർബാനക്ക് തുടക്കമായി.