സ്നാപകയോഹന്നാൻ കർത്താവിനു വഴിയൊരുക്കുവാൻ വന്നവനാണ്. അവൻറെ ദൗത്യം മറ്റുള്ളവരെ കർത്താവിൻറെ പക്കലേയ്ക്ക് ആനയിക്കുക എന്നുള്ളതാണ്. കാരാഗൃഹത്തിൽ കടക്കുമ്പോഴും ഇത് നിർവഹിക്കുന്ന സ്നാപകനെ ആണ് നമ്മൾ സുവിശേഷത്തിൽ കാണുന്നത്. തന്നെ കാണാനും പരിചരിക്കാനും തൻറെ പക്കലേക്ക് വന്ന ശിഷ്യന്മാരെ കർത്താവിൻറെ അടുക്കലേക്ക് സ്നാപകൻ പറഞ്ഞു വിടുന്നു. ഇവിടെ സ്നാപകൻ തൻറെ ശിഷ്യന്മാർക്ക് അവനാണ് മിശിഹാ എന്ന് പറഞ്ഞു ചൂണ്ടി കാണിച്ചു കൊടുക്കുക അല്ല പകരം മിശിഹായെ അന്വേഷിച്ച് കണ്ടെത്തുവാൻ വഴിയൊരുക്കി കൊടുക്കുകയാണ്. മറ്റുള്ളവർ ചൂണ്ടിക്കാണിച്ചതിന് പേരിൽ മിശിഹായെ കണ്ടെത്തിയവരുണ്ട്. പരമ്പരാഗതമായി ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച വളരുന്നവരെ ഈ ഗണത്തിൽപ്പെടുത്താം. എന്നാൽ സ്വയം അന്വേഷിച്ച് കണ്ടെത്തുന്നവരുണ്ട് ഇപ്രകാരം അന്വേഷിച്ച് കണ്ടെത്തുന്നവരുടെ വിശ്വാസത്തിനാണ് തീക്ഷ്ണതയും തീവ്രതയും എപ്പോഴും കൂടുതൽ. സ്നാപകൻ ഇവിടെ മിശിഹായെ അന്വേഷിക്കുവാൻ ശിഷ്യന്മാരെ പ്രേരിപ്പിക്കുകയാണ് നമുക്കും മറ്റുള്ളവർ ചൂണ്ടിക്കാണിച്ച് കൊണ്ട് മാത്രം മിശിഹായെ കണ്ടുമുട്ടുന്നവർ ആകാതെ അന്വേഷിച്ചു അവനെ കണ്ടെത്തുന്നവർ ആയി മാറുവാൻ പരിശ്രമിക്കാം. അപ്പോൾ മാത്രമായിരിക്കും നമ്മുടെ വിശ്വാസത്തിനു തീഷ്ണതയും തീവ്രതയും കൂടുതൽ.