ആകുലതകളും ഉൽക്കണ്ഠകളും എപ്പോഴും ഭൗതികതയുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ജീവനും ജീവിതവും നിലനില്പ്പും ജീവിത സൗകര്യങ്ങളും എല്ലാം ഈ ഉത്കണ്ഠയുടെ കാരണമായി മാറുന്നു. ഉൽക്കണ്ഠ വേണ്ട എന്ന് ഈശോ പറയുമ്പോൾ ഭൗതികതയുടെ നശ്വരതയെ കുറിച്ച് ചിന്തിക്കുവാൻ ആണ് അവിടുന്ന് ആവശ്യപ്പെടുന്നത്. ദൈവീക പരിപാലനയിൽ ആശ്രയിക്കുക എന്ന് ഈശോ പറയുമ്പോൾ ഭൗതികതയെക്കാൾ ഉപരി നിത്യതയെക്കുറിച്ച് ചിന്തിക്കുവാൻ ആണ് അവിടുന്ന് ആവശ്യപ്പെടുന്നത്. പലപ്പോഴും നമ്മൾ ദൈവീക പരിപാലനയെ ഭൗതികതലത്തിൽ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നവരാണ്. രോഗശാന്തിയും അത്ഭുതങ്ങളും അപകടങ്ങളിൽ നിന്ന് രക്ഷ നേടലും ഒക്കെ ദൈവീക പരിപാടിയുടെ ഭൗതികമായ മനസ്സിലാക്കലാണ്. എന്നാൽ അവയൊക്കെ താൽക്കാലികം മാത്രമാണ്. മരണം എല്ലാവർക്കും സുനിശ്ചിതമാണ്. അതിനാൽ നിത്യതയെ ലക്ഷ്യം വെയ്ക്കുവാനും സ്വർഗ്ഗരാജ്യം അന്വേഷിക്കുവാനും ആണ് ഈശോ ആവശ്യപ്പെടുന്നത്. നമുക്ക് ദൈവരാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരാകാം അപ്പോൾ നമ്മെ അലട്ടുന്ന സകല പ്രശ്നങ്ങളും നിസ്സാരമാണെന്നും താൽക്കാലികമാണെന്നും നമുക്ക് മനസ്സിലാകും. ദൈവ രാജ്യത്തെക്കുറിച്ചുള്ള ചിന്തയാണ് ഉൽക്കണ്ഠകൾക്കും ആകുലതകൾക്കും ഉള്ള യഥാർത്ഥ മരുന്ന്.
ആകുലതകൾ അകറ്റാൻ ആവിടത്തെ രാജ്യത്തെക്കുറിച്ച് ചിന്തിക്കുവിൻ (ജൂലൈ 7 ഞായർ)
