ദുബായ്: യുഎഇയിലെത്തുന്ന എല്ലാ വിനോദസഞ്ചാരികൾക്കും ഇനി മുതൽ വിമാനത്താവളങ്ങളിൽ നിന്ന് സൗജന്യ സിം കാർഡ് ലഭിക്കും. അബുദാബിയിൽ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഐ) മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്.
ഒരു മാസത്തെ സമയ പരിധിയിൽ നൽകുന്ന സിം കാർഡിൽ മൂന്നു മിനിറ്റ് ടോക് ടൈം, അഞ്ച് എസ്എംഎസ്, 20 എംബി ഡാറ്റാ എന്നിവ ലഭിക്കും. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ സിം ലഭിക്കുകയുള്ളൂ. വിസ കാലാവധി നീട്ടുന്നതിനനുസരിച്ച് സിം കാർഡിന്റെ വാലിഡിറ്റി കൂടും. വിനോദ സഞ്ചാരികൾ യുഎഇയിൽ നിന്ന് പുറത്തേയ്ക്ക് കടക്കുമ്പോൾ സിം പ്രവർത്തന രഹിതമാകും.
യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം. വിമാനത്താവളങ്ങളിലെ പാസ്പോർട്ട് കൺട്രോൾ കൗണ്ടറിൽനിന്നായിരിക്കും ലഭിക്കുന്നത്. ട്രാൻസിറ്റ് വിസ, സന്ദർശക വിസ, വിസ ഓൺ അറൈവൽ, ജിസിസി പൗരന്മാർ, യുഎഇയിൽ ആദ്യമായെത്തുന്ന റെസിഡന്റ് വിസ ഹോൾഡേഴ്സ് എന്നിവർക്ക് സിം എന്നിവർക്കും ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.