തിരുവനന്തപുരം:ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ കണ്വെൻഷൻ സെന്ററിന് അനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നഗരസഭാ സെക്രട്ടറി കണ്വെൻഷൻ സെന്ററിൽ പരിശോധന നടത്തി ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. കണ്വെൻഷൻ സെന്ററിന് അനുമതി കിട്ടാതായതോടെയാണ് സാജൻ ജീവനൊടുക്കിയത്.
ആന്തൂർ കണ്വെൻഷൻ സെന്റർ നിർമാണത്തിലെ അപാകതകൾ നിസാരമെന്ന് ചൂണ്ടിക്കാട്ടി ചീഫ് ടൗണ്‍ പ്ലാനർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. നിസാരമായ അപാകതകൾ പരിഹരിച്ച് കണ്വൻഷൻ സെന്ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിർമാണത്തിൽ നാല് ചട്ടലംഘനങ്ങൾ ഉണ്ടെന്നും സിടിപി വിജിലൻസ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
റാന്പിന് ആവശ്യമായ ചരിവില്ല, കെട്ടിട നിർമാണ ചട്ടപ്രകാരം ഒഴിച്ചിടേണ്ട സ്ഥലം ഒഴിച്ചിട്ടിട്ടില്ല, ബാൽക്കണിയുടെ വിസ്താരം കൂടുതലാണ്,ശുചീകരണ സംവിധാനങ്ങളിൽ പോരായ്മ ഉണ്ട് തുടങ്ങിയവയാണ് ചട്ടലംഘനങ്ങളായി ചൂണ്ടിക്കാട്ടുന്നത്. നിസാരമായ ഈ ക്രമക്കേടുകൾ പരിഹരിച്ച് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകണമെന്നും സിടിപി വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.