കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്ന കോടതി വിധി നടപ്പാക്കുമെന്ന് മരട് നഗരസഭ. ഇതിനായി സർക്കാരിന്റെ സഹായം തേടിയെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതിനെതിരേ ഫ്ലാറ്റുടമകൾ നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനായി നഗരസഭ തയാറെടുക്കുന്നത്.
ഫ്ലാറ്റ് പൊളിച്ചു മാറ്റാനുള്ള ഉത്തരവിന് അവധിക്കാല ബെഞ്ചിൽ നിന്നു സ്റ്റേ വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഒരു ബെഞ്ചിന്റെ ഉത്തരവ് മറ്റൊരു ബെഞ്ച് സ്റ്റേ ചെയ്യാൻ പാടില്ലായിരുന്നുവെന്നും നിരീക്ഷിച്ചിരുന്നു. ഒരു ഉത്തരവ് മറികടക്കാൻ മറ്റൊരു ബെഞ്ചിനെ സമീപിച്ചതു ശുദ്ധ തട്ടിപ്പാണെന്നും അത് ആവർത്തിച്ചാൽ അഭിഭാഷകർക്കെതിരേ നടപടിയെടുക്കുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നൽകിയിരുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയ മരടിലെ അഞ്ച് ഫ്ലാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിച്ചു മാറ്റിയതിനു ശേഷം റിപ്പോർട്ട് നൽകാനായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മേയ് എട്ടിനു ഉത്തരവിട്ടത്.