അടയാളങ്ങളും പ്രതീകങ്ങളും ആരാധനാക്രമത്തിൽ: കൗദാശിക അടയാളങ്ങളുടെ പ്രത്യേകതകൾ

ആമുഖം

മനുഷ്യൻ പരസ്പരം ബന്ധം സ്ഥാപിക്കുന്നതും സ്വയം വെളിപ്പെടുത്തുന്നതും പല മാധ്യമങ്ങളിലൂടെയാണ്; അടയാളങ്ങളിലൂടെയാണ്. അടയാളങ്ങളും പ്രതീകങ്ങളും തമ്മിൽ കൃത്യമായി വേർപെടുത്തി നിർവ്വചിക്കുകയോ വിവരിക്കുകയോ പ്രയാസമാണ്. എല്ലാ പ്രതീകങ്ങളും അടയാളങ്ങളാണ്; എന്നാൽ എല്ലാ അടയാളങ്ങളും പ്രതീകങ്ങളല്ല. പ്രതീകങ്ങൾ സ്വതന്ത്ര അടയാളങ്ങളാണ്. പ്രതീകങ്ങൾക്ക് ബോധപൂർവം നൽകപ്പെടുന്ന അർത്ഥമാണുള്ളത്. അദൃശ്യമായ ഒരു യാഥാർഥ്യത്തെ സൂചിപ്പിക്കുന്നതിനു സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെടുന്ന മാധ്യമമാണ് പ്രതീകം. ഉദാ. ദേശീയ പതാക: ഇത് നമ്മുടെ ദേശീയതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. പ്രതീകങ്ങളുടെ തിരഞ്ഞെടുപ്പിൽ മനുഷ്യന്റെ ഭാവന നിഴലിക്കാറുണ്ട്. അടയാളങ്ങളും പ്രതീകങ്ങളും സൂചിപ്പിക്കുന്ന അർത്ഥമെന്തെന്നു ഗ്രഹിച്ചെങ്കിൽ മാത്രമേ അവയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയൂ.

പ്രതീകങ്ങൾ അർത്ഥപൂർണ്ണമായി ഗൗനിക്കപ്പെടേണ്ടത് അത് പ്രതിനിധാനം ചെയ്യുന്ന ആശയത്തെയോ ആദർശത്തെയോ വിശ്വാസത്തെയോ ശരിയായ വിധത്തിൽ മനസ്സിലാക്കുവാൻ അത്യാവശ്യമാണ്. അതിനാൽ പ്രതീകങ്ങളെ സംബന്ധിച്ച് നാം അവശ്യം ഓർത്തിരിക്കേണ്ടത്:

1. പ്രതീകത്തിന്റെ സൂചന മനസ്സിലാക്കണം

2. പ്രതീകങ്ങൾ വ്യാഖ്യാനിക്കേണ്ടത് അത് നിശ്ചയിച്ചവർ നൽകിയിട്ടുള്ള അർത്ഥങ്ങൾ ആധാരമാക്കിയാകണം

3. പ്രതീകം ലക്ഷ്യമല്ല; ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമാണ്.

അടയാളങ്ങളും പ്രതീകങ്ങളും ആരാധനാക്രമത്തിൽ

ദൈവാരാധനയിൽ ഉടനീളം ദൈവസാന്നിദ്ധ്യാനുഭവം അവതരിപ്പിക്കുന്നതിൽ പ്രതീകങ്ങളുടെ സ്ഥാനം മഹത്തരമാണ്. ദൃശ്യാടയാളങ്ങളുടെ സഹായത്താൽ നാം അദൃശ്യമായ യാഥാർഥ്യങ്ങളുമായി സമ്പർക്കത്തിലാകുന്നു. ദൃശ്യമായ അടയാളങ്ങളിലൂടെ അദൃശ്യമായ ദൈവികസാന്നിധ്യം വെളിപ്പെടുത്തുന്നതിനാൽ ലിറ്റർജിയിൽ അടയാളങ്ങൾക്കും പ്രതീകങ്ങൾക്കും പരമപ്രധാനമായ സ്ഥാനമാണുള്ളത്. ക്രിസ്തീയജീവിതം കൗദാശികജീവിതമാണ്; അത് അടയാളനിബദ്ധമാണ്. ‘അദൃശ്യമായ വരപ്രസാദത്തെ പകരുകയും സൂചിപ്പിക്കുകയും ചെയ്യുന്ന ദൃശ്യമായ അടയാളങ്ങൾ’ എന്നാണല്ലോ കൂദാശകളെ പൊതുവിൽ നിർവ്വചിക്കുന്നത്. ‘മനുഷ്യരെ വിശുദ്ധീകരിക്കുക, മിശിഹായുടെ മൗതികശരീരമായ (mystical body) സഭയെ വളർത്തുക, സർവ്വോപരി ദൈവത്തിന് ആരാധന സമർപ്പിക്കുക എന്നിവ ലക്ഷ്യമാക്കുന്ന കൂദാശകൾ അടയാളങ്ങളാകയാൽ അവയ്ക്ക് പ്രബോധനമൂല്യമുണ്ട്. കൂദാശകളുടെ കർമ്മക്രമത്തിനും അവയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുവിനും – വിശ്വാസപൂർവ്വം നിർവ്വഹിക്കപ്പെടുമ്പോൾ – അതിന്റെ പ്രബോധനപരമായ ദൗത്യത്തിലൂടെ വിശ്വാസം പോഷിപ്പിക്കാനും ദൃഢമാക്കുവാനും പ്രകടിപ്പിക്കുവാനും സാധിക്കുന്നു. അതിനാൽ കൗദാശികജീവിതത്തിന്റെ അർത്ഥപൂർണ്ണതയ്ക്ക് കൂദാശകളുടെ – ദൈവാരാധനയിലെ – അടയാളങ്ങൾ വിശ്വാസികൾ എളുപ്പത്തിൽ മനസ്സിലാക്കുക അത്യാവശ്യമാണ് (cf. ലിറ്റർജി 59).

ലിറ്റർജി ഉപയോഗിക്കുന്ന പ്രതീകങ്ങൾ ഈശോമിശിഹാ തന്നെ ഏർപ്പെടുത്തിയവയോ വെളിപാടിലൂടെ അറിയിക്കപ്പെട്ടവയോ, മിശിഹായിൽനിന്നു ലഭിച്ച അധികാരത്തിൽ റൂഹാദ്ക്കുദ്ശയുടെ കൃപാവരത്താൽ സഭാമാതാവ് കാലാകാലങ്ങളിൽ ബോധപൂർവ്വം നിശ്ചയിച്ചു സ്ഥാപിച്ചിട്ടുള്ളവയോ ആണ്. അതിനാൽ മിശിഹായോ സഭയോ ഉദ്ദേശിച്ചിരിക്കുന്നത് എന്തെന്നറിയാതെ അവയെ ശരിയായി വ്യാഖ്യാനിക്കാൻ സാധ്യമല്ല.

ദൈവാരാധനയിലെ വിവിധ അടയാളങ്ങൾ

1. വാക്കുകൾ: ദൈവാരാധനയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന അടയാളമാണ് വാക്കുകൾ. വാക്കുകൾ സൂചിപ്പിക്കുന്ന ദൈവികരഹസ്യങ്ങളിലായിരിക്കണം നമ്മുടെ മനസ്സും ഹൃദയവും.

2. ആളുകൾ: ദൈവവും ദൈവജനവും തമ്മിലുള്ള അദൃശ്യബന്ധത്തിന്റെ അടയാളമാണ് ആരാധനാസമൂഹം (ആളുകൾ). ആരാധകർ, മിശിഹായിൽ ദൈവം വിളിച്ചുകൂട്ടിയ വിശുദ്ധജനത്തിന്റെ (സഭ) പ്രതീകവുമാണ്. അവർ പഴയനിയമജനതയുടെ പിൻതുടർച്ചയും പൂർത്തീകരിക്കപ്പെടേണ്ട സ്വർഗ്ഗീയാരാധനാ സമൂഹത്തിന്റെ മുന്നനുഭവവുമാണ്. കാർമ്മികൻ, മ്ശംശാന, ശുശ്രൂഷകൾ, ഗായകസംഘം, ആരാധനാസമൂഹം എന്നിങ്ങനെ ആളുകൾ തങ്ങളുടേതായ ദൗത്യങ്ങൾ നിർവ്വഹിച്ചുകൊണ്ടാണ് ദൈവാരാധനയുടെ അർത്ഥതലങ്ങൾ പ്രകടമാക്കുന്നത്. “തിരുക്കർമ്മങ്ങൾ അനുഷ്ഠിക്കുന്ന ഓരോരുത്തനും – പുരോഹിതനോ അല്മായനോ ആരായാലും – ആരാധനാക്രമത്തിന്റെ നിബന്ധനകൾക്കും തിരുക്കർമ്മത്തിന്റെ സ്വഭാവത്തിനും യോജിച്ചവിധത്തിൽ അവരവരുടെ ഭാഗം – അതുമാത്രം – പൂർണ്ണമായി നിർവഹിക്കണം” (ലിറ്റർജി 28)

3. കർമ്മാനുഷ്ഠാനങ്ങൾ: ദൈവാരാധനയിൽ നിർവ്വഹിക്കപ്പെടുന്ന വിവിധ ശുശ്രൂഷകളും അവയ്ക്ക് അനുയോജ്യമായ ശാരീരികനിലപാടുകളുമാണിവ. ഓരോ കർമ്മാനുഷ്ഠാനത്തിനും പ്രത്യേകം അർത്ഥമുണ്ടാകും. കുമ്പിട്ട് ആചാരം ചെയ്യുന്നത് അഗാധമായ എളിമയുടെയും അയോഗ്യതാപ്രകാശനത്തിന്റെയും കൈകൾ കൂപ്പുന്നത് ഭക്തിബഹുമാനാദികളുടെയും പ്രകാശനമാണ്. കൈകൾ മുന്നോട്ട് നീട്ടിപ്പിടിക്കുന്നത് യാചനയുടെയും വിരിച്ചുപിടിച്ചു പ്രാർത്ഥിക്കുന്നത് മാധ്യസ്ഥാപേക്ഷയുടെയും സൂചനയാണ്. കിഴക്കോട്ടു തിരിഞ്ഞു പ്രാർത്ഥിക്കുന്നത് – ഈശോമിശിഹായുടെ രണ്ടാം വരവിനെ പ്രതീക്ഷിച്ചുള്ള (cf. മത്താ 24:27) – പൗരസ്ത്യസഭകളുടെ അതിപുരാതനമായ പ്രാർത്ഥനാനിലപാടാണ്.

4. സ്ഥലങ്ങൾ: ദൈവാരാധനയിൽ കർമ്മങ്ങൾ നിർവ്വഹിക്കപ്പെടുന്ന സ്ഥലങ്ങൾക്കും നിയതമായ പ്രതീകമൂല്യം നിശ്ചയിക്കപെട്ടിട്ടുണ്ട്. ഉദാ: ദൈവാലയം – പ്രപഞ്ചം മുഴുവന്റെയും ശ്ലീഹമാരുടെയും പ്രവാചകന്മാരുടെയും അടിസ്ഥാനത്തിൽ പണിയപ്പെട്ടിരിക്കുന്നതും മിശിഹാ മൂലക്കല്ലായിരിക്കുന്നതും (cf. എഫേ 2:20) അവിടുന്നിൽ വിശുദ്ധഭവനമായിരിക്കുന്നതുമായ (cf. എഫേ 2:22) തിരുസ്സഭയുടെയും പ്രതീകമാണ്. മദ്ബഹ, ബലിപീഠം, ബേമ്മാ (വചനവേദി), ഹൈക്കല (സമൂഹം നിൽക്കുന്ന സ്ഥലം) കേസ്ത്രോമാ (ഗായകവേദി) എന്നിങ്ങനെ ദൈവാരാധയിൽ വിവിധ സ്‌ഥലങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഓരോ സ്ഥലത്തിനും നിയതമായ ആരാധനാക്രമ വിവക്ഷയുണ്ട്.

5. വസ്തുക്കൾ: ദൈവാരാധനയിൽ പ്രകൃതി വസ്തുക്കളും മനുഷ്യനിർമ്മിതവസ്തുക്കളും ഉപയോഗിക്കുന്നു. എണ്ണ, വെള്ളം, തിരികൾ, തിരുവസ്ത്രങ്ങൾ, ധൂപം എന്നിങ്ങനെ വിവിധതരം വസ്തുക്കൾ ദൈവാരാധനയിൽ പ്രതീകവത്കരിക്കപ്പെടുന്നുണ്ട്.

(തുടരും)

അവലംബം: മാർത്തോമാ വിദ്യാനികേതൻ, ചങ്ങനാശേരി

സംയോജകൻ: ഫാ. സെബാസ്ററ്യൻ ചാമക്കാല