യേശു എന്ന ചരിത്രപുരുഷന്‍
ജൂലിയസ് സീസര്‍ (ബി.സി.100-144) മഹാനായ ഒരു റോമന്‍ ജനറലും ഗ്രന്ഥകാരനും ആയിരുന്നു. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറ്റവും ചരിത്ര പ്രാധാന്യമുള്ള വ്യക്തിയും അദ്ദേഹം തന്നെ ആയിരുന്നിരിക്കണം. ജൂലിയസ് സീസറിന്റെ മരണത്തിന് തൊട്ടുശേഷമുള്ള 150 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രന്ഥരചന നടത്തിയ 5 വ്യത്യസ്ത ഗ്രന്ഥകാരന്മാര്‍ തങ്ങളുടെ കൃതികളില്‍ അദ്ദേഹത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. യേശുവിന്റെ പരസ്യജീവിതകാലത്ത് വിശാലമായ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു തിബേരിയൂസ് സീസര്‍. തിബേരിയൂസ് സീസറിന്റെ മരണത്തിന് തൊട്ടുശേഷമുള്ള 150 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രന്ഥരചന നടത്തിയ 10 വ്യത്യസ്ത ഗ്രന്ഥകാരന്മാര്‍ തങ്ങളുടെ കൃതികളില്‍ അദ്ദേഹത്തെപ്പറ്റി പരാമര്‍ശിക്കുന്നു.
എന്നാല്‍ യേശുക്രിസ്തുവിന്റെ മരണോത്ഥാനങ്ങള്‍ക്കു തൊട്ടുശേഷമുള്ള 150 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രന്ഥരചനനടത്തിയ 42 വ്യത്യസ്ത ക്രൈസ്തവ-അക്രൈസ്തവ ഗ്രന്ഥകാരന്മാര്‍ തങ്ങളുടെ കൃതികളില്‍ യേശുവിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. യേശുവിന്റെ ജനനം ലോകചരിത്രത്തെത്തന്നെ എ.ഡി. എന്നും ബി.സി. എന്നും രണ്ടായി വിഭജിച്ചു. എങ്കിലും ഇപ്പോഴും ഏതോ ഒരു ഇതിഹാസത്തിലെ കഥാപുരുഷന്‍ എന്ന രീതിയിലോ മിത്ത് എന്ന രീതിയിലോ ചിലരെങ്കിലും അവിടത്തെ പരാമര്‍ശിക്കാറുണ്ട്. യേശുവിന്റെ ഈ ലോകജീവിതത്തെക്കുറിച്ച് നമുക്ക് അറിവുതരുന്ന ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം ബൈബിള്‍, പുതിയനിയമമാണ്.
എന്നാല്‍ ബൈബിളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് തികച്ചും അക്രൈസ്തവമായ ചില രേഖകളെ പരാമര്‍ശിച്ചുകൊള്ളട്ടെ. പ്രധാനപ്പെട്ട അക്രൈസ്തവ ചരിത്രകാരന്മാരായ ജോസെഫൂസ് ഫ്‌ളാവിയൂസ് (എ.ഡി. 37-100), കൊര്‍ണേലിയൂസ് റ്റാസിറ്റസ് (എ.ഡി. 55-120), പ്ലീനി (എ.ഡി. 61-113), സുവെത്തോണിയൂസ് (എ.ഡി. 70-140), താലോസ് (എ.ഡി. 50), ഫ്‌ളീഗണ്‍ (എ.ഡി. 100) എന്നിവരുടെ രേഖകളില്‍ യേശുവിനെക്കുറിച്ചു പരാമര്‍ശമുണ്ട്. മാരാബാര്‍ സെറാപ്പിയോന്‍ യേശുവിനെ ‘യഹൂദരുടെ ജ്ഞാനിയായ രാജാവ്’ എന്നു വിശേഷിപ്പിക്കുമ്പോള്‍, സമോസാറ്റായിലെ ലൂചിയന്‍ (എ.ഡി. 115-200), ചെല്‍സൂസ് എന്നിവര്‍ യേശുവിനെ പരിഹസിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടുമാണ് എഴുതുന്നത്. ഇതിനും പുറമേ, താല്‍മൂദ്, തൊലെദോത്ത് യേഷുവ തുടങ്ങിയ ആദ്യകാല യഹൂദരേഖകളിലും യേശുവിനെഅപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ കാണാം. മേല്പറഞ്ഞ അക്രൈസ്തവഗ്രന്ഥകാരന്മാരുടെ എഴുത്തുകളില്‍നിന്ന് യേശുവിനെക്കുറിച്ച് ഗ്രഹിക്കാവുന്ന കാര്യങ്ങള്‍: (1) തന്റെ ജീവിതകാലത്ത് യേശു അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു; (2) അനേകമാളുകളെ യേശു തന്നിലേക്കാകര്‍ഷിച്ചു; (3) തിബേരിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് യൂദയായുടെ പ്രൊക്യൂറേറ്റര്‍ ആയിരുന്ന പീലാത്തോസ് യേശുവിനെ മരണത്തിനു വിധിച്ചു; (4) യേശു മരിച്ച സമയത്ത് ഭൂമിമുഴുവന്‍ അന്ധകാരം ഉണ്ടായി; (5) മരണശേഷം മൂന്നാം ദിവസം യേശു ഉയിര്‍ത്തെഴുന്നേറ്റു; (6) ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ യേശു ദൈവമായി ആരാധിക്കപ്പെട്ടിരുന്നു.
തുടരും …