ഈശോ സുഖപ്പെടുത്തുന്ന കുഷ്ഠരോഗിയോടു ഈശോ തന്നെ താക്കീത് ചെയ്യുന്നു ” നീ ഇത് ആരോടും പോയി പറയരുത്” . എന്നാൽ അവൻ പോയി എല്ലാവരോടും അവന് സംഭവിച്ച വലിയ അത്ഭുതം പ്രഘോഷിക്കുന്നു. കർത്താവ് അരുത് എന്ന് താക്കീത് നൽകിയിട്ടും അവൻ കർത്താവിന്റെ കാര്യം പ്രഘോഷിക്കുന്നത് എന്തുകൊണ്ട്? കാരണം അവന് പ്രഘോഷിക്കാതിരിക്കാൻ സാധിക്കുകയില്ല. എന്തുകൊണ്ടാണ് അവന് പ്രഘോഷിക്കാതിരിക്കാൻ സാധിക്കാത്തത് ? കാരണം അവന് അനുഭവം ഉള്ളതുകൊണ്ടാണ്. കർത്താവിനെ യഥാർത്ഥത്തിൽ അനുഭവിച്ചവർക്ക് അത് മറ്റുള്ളവരോട് പങ്കു വെയ്ക്കാതിരിക്കാൻ ആവുകയില്ല അതിന്റെ ഉത്തമമായ ഉദാഹരണമാണ് ഈ കുഷ്ഠരോഗി. നമ്മുടെയൊക്കെ പ്രേഷിത തീഷ്ണതയ്ക്കു  മങ്ങലേൽക്കുന്നുവെങ്കിൽ അതിന്റെ പ്രധാനകാരണം നമുക്ക് ‘മിശിഹാനുഭവം’ കുറഞ്ഞുപോകുന്നു എന്നുള്ളതാണ്. ശ്ലീഹാക്കാലം പ്രേഷിത ചൈതന്യത്തെ പ്രത്യേകമായി വിചിന്തനം ചെയ്യുന്ന കാലഘട്ടമാണ് .നമ്മുടെ പ്രേഷിത ചൈതന്യത്തെ കുറിച്ച് വിചിന്തനം ചെയ്യുന്നതിനുമുമ്പ് നമുക്ക് നമ്മുടെ മിശിഹാനുഭവത്തെക്കുറിച്ച് വിചിന്തനം ചെയ്യാം അതിൻറെ ആഴം കുറഞ്ഞ പോയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ ശ്രമിക്കാം അപ്പോൾ നമ്മൾ സ്വാഭാവികമായി പ്രേഷിതരായി മാറും.