മകളെക്കുറിച്ചുള്ള വിചാരം പിതാവിന്റെ നിദ്ര അപഹരിച്ചുകളയുന്നു. (പ്രഭാഷകന്‍ 42:9)

  • കൈ വളരുന്നോ, കാല്‍ വളരുന്നോ എന്നു നോക്കിനോക്കി വളര്‍ത്തിയ മകളാണോ അച്ഛനോടിങ്ങനെ എന്നു തോന്നിപ്പിക്കുമാറുള്ള വര്‍ത്തമാന വിശേഷങ്ങള്‍…
  • മകളാണോ അച്ഛനെക്കുറിച്ചെന്നോട് ഒരക്ഷരം ചോദിക്കരുതെന്ന് ആക്രോശിക്കുന്നത്?
  • മകളാണോ സ്‌നേഹം എന്നു കേള്‍ക്കേണ്ട താമസം വീടുവിട്ടുപോവുകയും തോന്നുംപടി ജീവിക്കുകയും ചെയ്യുന്നത്?
  •  മകളാണോ അച്ഛനെതിരെ സാക്ഷ്യം പറയുന്നതും ജനമദ്ധ്യേ അപഹാസ്യനാക്കി നിര്‍ത്തുന്നതും.
  •  മകളാണോ വര്‍ഷത്തിലൊന്നുപോലും അച്ഛനെ കാണാനോ ശുശ്രൂഷിക്കാനോ ശ്രമിക്കാതെ ജോലിത്തിരക്കുകളില്‍ അഭിരമിക്കുന്നത്?
    *************************
    നേര്‍ക്കുനേര്‍ വന്നാല്‍ യുദ്ധം പ്രഖ്യാപിക്കുന്ന അച്ഛനും മകനും. രണ്ടുപേരും വിരുദ്ധ ധ്രുവങ്ങളില്‍.
    ഒരിക്കല്‍ മകന്‍ യുദ്ധകോലാഹലങ്ങള്‍ക്കൊടുവില്‍ എവിടേയ്‌ക്കോ പോയി. അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും എത്തിയില്ല… ഉറങ്ങാതെ ആകുലപ്പെടുന്ന അച്ഛന്‍ മനസ്സ്…
    അമ്മയുടെ ചോദ്യം: എന്താ അടുത്ത യുദ്ധത്തിനു സമയമായോ?
    നിശ്ശബ്ദനായി അച്ഛന്‍.
    ഈ നിശ്ശബ്ദതയ്ക്കും മൗനത്തിനും അപ്പുറം അറിയേണ്ടിയിരിക്കുന്നു അച്ഛന്‍ മനസ്സ്.
    നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനത്തിന്റെയും ശരീരഭാഷയില്‍ ഉള്ളിലുള്ള സ്‌നേഹവും കരുതലും വിങ്ങലും മനസ്സിലാക്കപ്പെടാതെയും കാണപ്പെടാതെയും പോകുന്നല്ലോ…
    അച്ഛന്മാര്‍ എന്നും ഇങ്ങനെയാണ്. മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയതിന്റെയോ നല്ല നിലയില്‍ അക്ഷരാഭ്യാസം നല്‍കിയതിന്റെയോ നിര്‍ലോഭം സമയം, സമ്പത്ത് നീക്കിവെച്ചതിന്റെയോ വീമ്പുപറച്ചിലുകള്‍ ഒഴിവാക്കി തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ജന്മം… എല്ലാം കുടുംബത്തിനായി കരുതിവെയ്ക്കുന്ന ജന്മം…. അച്ഛന്‍…
    വേണം … ഒരു ആദരവ്
    നല്‍കണം …. ഒരു കരുതല്‍
    കൊടുക്കണം …. തലയെടുപ്പോടെതന്നെ നില്‍ക്കാനുള്ള ആര്‍ജവത്വം.

മിനി അത്തിക്കളം
9495994328