റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്‍
വത്തിക്കാനില്‍ ആറാം തവണ. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.15-നു നടക്കേണ്ട കൂടിക്കാഴ്ച സുരക്ഷാകാരണങ്ങളാല്‍ നീട്ടിവച്ചു. ഒരു മണിക്കൂറില്‍ അധികം വൈകി, 2.50-നാണ് പ്രസിഡന്‍റ് പുടിന്‍ വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്. അപ്പസ്തോലിക അരമനയിലെ ലൈബ്രറിയില്‍ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരുപക്ഷങ്ങളുടെയും സമ്മാനങ്ങളുടെ കൈമാറ്റത്തോടെ ആരംഭിച്ച കൂടിക്കാഴ്ച ക്രിയാത്മകവും രാജ്യാന്തര പ്രതിസന്ധികളെ സംബന്ധിച്ച സംവാദത്തിന്‍റെ പാതയില്‍ ഫലപ്രദവുമായിരുന്നെന്ന് വത്തിക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട പ്രസ്താവനയില്‍ വിശദീകരിച്ചു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറുമായും പ്രസിഡന്‍റ് പുടിന്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങളിലെ വികാസങ്ങളെ ഇരുപക്ഷവും നിരീക്ഷിക്കുകയും ഒപ്പുവച്ച് അംഗീകരിക്കുകയുംചെയ്തു. കുട്ടികള്‍ക്കുവേണ്ടി റോമില്‍ പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ “യേശു ബംബീനോ” ആശുപത്രിയുടെയും ഗവേഷണ വിഭാഗത്തിന്‍റെയും പുരോഗതിക്കായുള്ള ഒരു ധാരണ ഉടമ്പടയില്‍ റഷ്യന്‍ ഫെഡറേഷന്‍ ഒപ്പുവച്ചു. റഷ്യയിലെ കത്തോലിക്ക സ്ഥാപനങ്ങളുടെ ഭരണസംവിധാനങ്ങളെ സംബന്ധിച്ച ചര്‍ച്ചയും ഈ സന്ദര്‍ശനത്തിന്‍റെ ഗുണപരമായ ഭാഗമായും കാണാവുന്നതാണെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.