ന്യൂഡൽഹി: മോദി സർക്കാരിന്റെ രണ്ടാം വരവിലെ ആദ്യ ബജറ്റ് നാളെ പാർലമെന്റിൽ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിൽ എത്തി. രാവിലെ 11 നാണ് നിർമ്മല സീതാരാമന്റെ കന്നി ബജറ്റ് അവതരണം.
രാജ്യത്തിന്റെ സാന്പത്തിക ചിത്രം വ്യക്തമാക്കി സാന്പത്തിക സർവേ വ്യാഴാഴ്ച പാർലമെൻറിൽ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ആരോഗ്യം, കൃഷി, വ്യവസായം, പ്രതിരോധം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകൾക്കു ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണു റിപ്പോർട്ട്. ഇതിനുള്ള പണം കണ്ടെത്തുകയെന്നതാണു ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയാണു സർക്കാരിനു മുന്നിലുള്ള എളുപ്പമാർഗം.
ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാണു നിർമല സീതാരാമൻ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ധനവകുപ്പിന്റെയും ചുമതലയുണ്ടായിരുന്നു.