പാപ്പാ ഫ്രാന്‍സിസും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയിലെ തുടര്‍യാത്രയാണെന്ന് മോസ്കോയിലെ കാത്തലിക്ക് അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് പാവുളോ പെറ്റ്സ്സി പ്രസ്താവിച്ചു. ജൂലൈ 4-Ɔο തിയതി വ്യാഴാഴ്ചയാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസും വ്ലാഡ്മിര്‍ പുടിനും തമ്മിലുള്ള സ്വകാര്യകൂടിക്കാഴ്ച നടക്കുന്നത്.

റഷ്യന്‍ ജനത, പ്രത്യേകിച്ച് അവിടത്തെ ക്രൈസ്തവര്‍ ഈ കൂടിക്കാഴ്ചയെ ഏറെ പ്രത്യാശയോടെയാണ് കാണുന്നതെന്ന്, മോസ്ക്കോയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് പാവുളോ പെറ്റ്സ്സി പ്രസ്താവിച്ചു. കാരണം ഒരു പേപ്പല്‍ സന്ദര്‍ശനം ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെടുകയില്ലെങ്കിലും, സമാധാനത്തിന്‍റെ വഴികളിലെ നാഴികക്കല്ലാണ് ഈ കൂടിക്കാഴ്ചകളെന്ന് ആര്‍ച്ചുബിഷപ്പ് പെറ്റ്സ്സി പ്രത്യാശ പ്രകടിപ്പിച്ചു. 2013 നവംബര്‍ 25-നായിരുന്നു പാപ്പാ ഫ്രാന്‍സിസ് – പുടിന്‍ പ്രഥമ കൂടിക്കാഴ്ച. രണ്ടുവര്‍ഷം തികയുംമുമ്പേ 2015 ജൂണ്‍ 10-ന് രണ്ടാമത്തെ കൂടിക്കാഴ്ച വത്തിക്കാനില്‍ നടന്നു. ജൂലൈ 4-ന് ന‌ടക്കാന്‍ പോകുന്നത് മൂന്നാമത്തെ കൂടിക്കാഴ്ചയാണ്.