ആഷ്‌ലി മാത്യു
“മുന്തിയ ഇനം ഉള്ളിചാക്കുകള്‍ വില്‍പ്പനക്ക്. ചാക്കൊന്നിന് വില ആയിരം രൂപ”. എന്താ കേട്ടിട്ടു ഞെട്ടിയോ, പാടില്ല. ഇങ്ങനെയൊരു വാര്‍ത്ത കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെടാന്‍ പാടില്ല. കാരണം ഇന്നത്തെ സമൂഹത്തില്‍ വസ്ത്രങ്ങളുടെ ഫാഷന്‍സ് മാറുന്നത് നമ്മള്‍ പോലും അറിയാതെയാണ്. കാലം മാറുന്നതിനൊപ്പം കോലവും മാറണമെന്ന് നമ്മള്‍ പറയാറുണ്ട്. ഇത്തരത്തില്‍ സമപ്രാസം വരുന്ന മറ്റനേകം പഴഞ്ചൊല്ലുകള്‍ നമ്മള്‍ വാമൊഴിയായി പറയാറുമുണ്ട്. എന്നാല്‍ പഴം ചൊല്ലില്‍ പതിരില്ലെന്ന് പറയുന്നതിന് മുമ്പ് നമ്മള്‍ ചിന്തിക്കണം, പതിരില്ലെങ്കില്‍ പോലും ഇതില്‍ കല്ലുകളൊ മറ്റോ ഉണ്ടോ എന്ന്.
കാലത്തിന് അനുസരിച്ച് വസ്ത്രധാരണ രീതിയില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. എന്നിരുന്നാല്‍ കൂടിയും കാലം മാറുന്നതിനനുസരിച്ച് നമ്മുടെ സംസ്‌കാരത്തെ മറക്കാനും മലയാളത്തനിമ ഉപേക്ഷിക്കാനും ആരും നമ്മോട് ആവശ്യപ്പെടുന്നില്ല. അപ്പോള്‍ നമ്മുടെ ചിന്താഗതിക്കാണ് പ്രശ്‌നം. ഫാഷന്റെ പേരില്‍ എന്തു രൂപവും കെട്ടിയാടിയാല്‍ ലോകം നമ്മെ നോക്കും എന്ന ധാരണയാണ് ഇന്നത്തെ തലമുറ ആദ്യം മാറ്റേണ്ടത്. സെറ്റുസാരിയുടുത്ത് തലയില്‍ മുല്ലപ്പൂവും ചൂടി കണ്ണുകളില്‍ അഞ്ചനമെഴുതിവരുന്ന മലയാളി മങ്കയെ ഇന്നും ലോകത്തിനിഷ്ടമാണ്. ഇതേസമയം രണ്ടുറകള്‍ക്കകത്ത് കാലും കയറ്റി യാതൊരു സങ്കോചവും ഇല്ലാതെ നടക്കുന്ന പെണ്‍കൊടികളെ ആരും അറപ്പോടെ മാത്രമെ വീക്ഷിക്കൂ.
ഈ കാര്യത്തില്‍ ആണുകുട്ടികളും ഒട്ടും പുറകിലല്ല. ശരീരത്തില്‍ അങ്ങിങ്ങായി കീറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനേക്കാള്‍ ഐശ്വര്യം എപ്പോഴും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കു തന്നെയാണ്. ഇതൊക്കെ എപ്പോഴും സാധിക്കുന്ന കാര്യമാണൊയെന്ന ചോദ്യം തീര്‍ച്ചയായും ഇപ്പോള്‍ ഉയര്‍ന്നു വരും. ഇല്ല എന്നു തന്നെയാണ് എന്റെയും ഉത്തരം. ഇത്തരം ഭാരമുള്ള വസ്ത്രങ്ങള്‍ ധരിച്ചു സഞ്ചരിക്കാനുള്ള ബുദ്ധിമുട്ടു തന്നെ പ്രധാന കാരണം. എന്നാല്‍ സാരിയോ മുണ്ടോ നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നു എന്നുതന്നെയിരിക്കട്ടെ, എന്നിരുന്നാല്‍ കൂടിയും ശരീരത്തിനിണങ്ങിയ എല്ലാ കാലവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന അനേകം വസ്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. അതില്‍ പലതിനും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഉള്ളതും ആണ്. നമ്മുടെ സംസ്‌കാരത്തിനിണങ്ങിയ ഇത്തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം എന്തിന് നമ്മള്‍ ഈ ഉള്ളിച്ചാക്കും(ഉദാഹരണം മാത്രം) ധരിച്ചു നടക്കണം. ഭാരതീയ സ്ത്രീകള്‍ തന്‍ ഭാവശുദ്ധി എന്ന് കവികള്‍ വര്‍ണിച്ചിരിക്കുന്നത് വെറുതെയല്ല, അതിലും ചില കാര്യങ്ങളും കാരണങ്ങളും ഉള്ളതിനാല്‍ തന്നെയാണ്( ഇത് സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്‍മാര്‍ക്കും ബാധകമാണ്).