നെടുങ്കണ്ടം: പീരുമേട് സബ്ജയിലിൽ പ്രതി കോലാഹലമേട് സ്വദേശി കസ്തൂരിഭവനിൽ രാജ്കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം എസ്ഐയായിരുന്ന കെ.എ. സാബു, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സജീവ് ആന്റണി എന്നിവർ അറസ്റ്റിൽ. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യലിനു ശേഷം ബുധനാഴ്ച രാവിലെയാണ് അറസ്റ്റു ചെയ്തത്. കസ്റ്റഡി മർദ്ദനത്തിനാണ് അറസ്റ്റ്.
പ്രത്യേക അന്വേഷണം സംഘത്തിന്റെ തടലവൻ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാബുമാത്യുവിന്റെ നേതൃത്വലായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാർ ക്രൂരമായ മർദനത്തിനിരയായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരെ അറസ്റ്റു ചെയ്തത്.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഇരുവർക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. തൂക്കുപാലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹരിത ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജൂൺ 12നു വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസം കസ്റ്റഡിയിൽ സൂക്ഷിച്ച് മർദനത്തിനു വിധേയനാക്കുകയായിരുന്നു. പിന്നീട് പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിയവേ ജൂൺ 21നാണ് രാജ്കുമാർ മരിച്ചത്.