കൊച്ചി: മാര്‍തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ദിനമായ ജൂലൈ മൂന്ന് സീറോ മലബാര്‍സഭ സഭാദിനമായി ആഘോഷിക്കും. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ 9.30ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പതാക ഉയര്‍ത്തും. വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും വൈദിക, സമര്‍പ്പിത, അല്മായ പ്രതിനിധികളും പങ്കെടുക്കും.
തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിനിധികളെ അഭിസംബോധന ചെയ്യും. സീറോ മലബാര്‍ സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദര്‍ശിപ്പിക്കും.
രാവിലെ 11 ന് ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തില്‍ റാസ കുര്‍ബാന അര്‍പ്പിക്കും. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ വചനസന്ദേശം നല്‍കും.
ഉച്ചകഴിഞ്ഞ് രണ്ടിന് പൊതുസമ്മേളനം. മേജർആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കൽ, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ വിജയാനന്ദ് നെടുംപുറം എന്നിവര്‍ പങ്കെടുക്കും. മാര്‍ റാഫേല്‍ തട്ടില്‍ സഭാദിന സന്ദേശം നല്‍കും. സഭയിലും സമൂഹത്തിലും ചെയ്ത നിസ്തുല സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് കോതമംഗലം രൂപതാംഗമായ മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിന് സീറോ മലബാര്‍ സഭയുടെ മെത്രാന് സിനഡ് നല്കുന്ന വൈദികരത്നം പുരസ്കാരവും പ്രഫ. മാത്യു ഉലകംതറയ്ക്ക് സഭാതാരം പുരസ്കാരവും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സമർപ്പിക്കും. തുടർന്ന് മാണിക്കമംഗലം സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍.
പരിപാടികളുടെ വിജയത്തിനായി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടിയില്‍, ഫാ.ജോജി കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.