മാര്‍പ്പാപ്പാ കുടിയേറ്റക്കാര്‍ക്കുവേണ്ടി വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കും.അഭയം തേടി കടല്‍മാര്‍ഗ്ഗം ഇറ്റലിയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ പലപ്പോഴും മുങ്ങിമരിക്കുന്ന മദ്ധ്യധരണ്യാഴിയിലെ ഇറ്റാലിയന്‍ ദ്വീപായ ലാമ്പെദൂസ താന്‍ സന്ദര്‍ശിച്ചതിന്‍റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 8-ന് (08/07/2019) ആയിരിക്കും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസിന്‍റെ) ഇടക്കാല മേധാവി അലെസ്സാന്ത്രൊ ജിസോത്തി വെളിപ്പെടുത്തി.
യുദ്ധത്തിലും കഷ്ടപ്പാടുകളിലും നിന്നു പലായനം ചെയ്യവെ ജീവന്‍ പൊലിഞ്ഞവരെ ഓര്‍ക്കുന്നതിനുള്ള ധ്യാനാത്മകമായ ഒരു വേളയാകണം ഈ ദിവ്യപൂജാര്‍പ്പണം എന്ന് പാപ്പാ അഭിലഷിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് പരിശ്രമിക്കുന്നവരുമായ ഇരുന്നൂറ്റിയമ്പതോളം പേര്‍ ദിവ്യപൂജയില്‍ സംബന്ധിക്കുമെന്നു കരുതപ്പെടുന്നു.2013 ജൂലൈ 8-നായിരുന്നു പാപ്പാ ലാമ്പെദൂസ സന്ദര്‍ശിച്ചതും കടലില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി പ്രാര്‍ത്ഥിച്ച് പുഷ്പാഞ്ജലി അര്‍പ്പിച്ചതും