കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നു സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി. ദേശീയതലത്തിൽ സച്ചാർ കമ്മിറ്റി നടത്തിയ പഠനം പോലെ കേരളത്തിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെക്കുറിച്ചു സംസ്ഥാന സർക്കാർ കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്തണം.
പിഎസ്സി പോലുള്ള മത്സരപരീക്ഷകളിൽ പിന്നോക്കം നിൽക്കുന്ന ക്രൈസ്തവരെ മുൻനിരയിൽ എത്തിക്കാൻ വേണ്ട പരിശീലന പരിപാടികൾ സർക്കാർ മുൻകൈയെടുത്തു നടപ്പാക്കണം. അത്തരത്തിൽ പരിശീലനം നൽകാനായി വിവിധ രൂപതകളിൽനിന്നു വരുന്ന അപേക്ഷകൾക്കു സർക്കാർ അടിയന്തര അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇന്നും ന്യൂനപക്ഷ വിഭാഗമായി കഴിയുന്ന ക്രൈസ്തവർക്ക് ഇത്തരത്തിൽ കടുത്ത അവഗണന നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ രൂപതകളുമായി സഹകരിച്ചു കേന്ദ്ര, സംസ്ഥന സർക്കാരുകളുടെ ന്യൂനപക്ഷ മന്ത്രാലയത്തിനും ന്യൂനപക്ഷ കമ്മീഷനുകൾക്കും നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരിൽ, സംസ്ഥാന പ്രസിഡന്റ് ജുബിൻ കൊടിയംകുന്നേൽ, ജനറൽ സെക്രട്ടറി മെൽബിൻ പുളിയംതൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഗ്ലോബൽ ഭാരവാഹികളായ വിപിൻ പോൾ, വിനോദ് റിച്ചാർഡ്സണ്, ഹെൽമ ജോബി, സംസ്ഥാന ഭാരവാഹികളായ അഞ്ജുമോൾ ജോണി പൊന്നന്പേൽ, ജിതിൻ മുടപ്പാലയിൽ, ആൽബിൻ വറപ്പോളയ്ക്കൽ, ജിബിൻ താന്നിക്കാമറ്റത്തിൽ, ആൽവിൻ ഞായർകുളം, ദിവ്യ വിജയൻ കൊടിത്തറ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.