മുംബൈ: കഴിഞ്ഞുപോയ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വരണ്ട ജൂണ്‍ മാസമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ചു പരാമർശമുള്ളത്. മഴയുടെ കുറവു കാർഷിക മേഖലയെയും അതുവഴി രാജ്യത്തിന്റെ സന്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന ഭീഷണിയും ഉയർന്നുകഴിഞ്ഞു.
മിക്ക സംസ്ഥാനങ്ങളിലും ശരാശരിയിലും താഴെയാണു മഴ ലഭിച്ചത്. കരിന്പ് കൃഷി വ്യാപകമായ ഉത്തർപ്രദേശിൽ മഴ 61 ശതമാനത്തിലും താഴെയായിരുന്നു. ഏഷ്യൻ വിപണിയുടെ 15 ശതമാനം നിയന്ത്രിക്കുന്ന ഇന്ത്യൻ കാർഷികരംഗം ഇപ്പോൾതന്നെ തളർന്നുകഴിഞ്ഞു.
ജൂണ്‍ ഒന്നു മുതൽ രാജ്യത്തു വ്യാപകമായി മഴ ലഭിക്കേണ്ടതാണ്. എന്നാൽ നിലവിൽ മൂന്നിൽ രണ്ടു മാത്രമാണു ലഭിച്ചിരിക്കുന്നതെന്നു കണക്കുകൾ പറയുന്നു. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ മഴ ലഭിച്ചില്ലെങ്കിൽ കാർഷിക വിപണിയിൽ അതു വൻ തിരിച്ചടിയാകും. ജൂണ്‍ എട്ടിനു കേരളത്തിൽ കാലവർഷം എത്തിയിരുന്നെങ്കിലും വായു ചുഴലിക്കാറ്റ് ഇതിന്റെ കാഠിന്യം കുറച്ചതായി വിലയിരുത്തപ്പെടുന്നു.