തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ നിയമസഭ ഇളക്കിമറിച്ച് പ്രതിപക്ഷം. വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷം വിഷയത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടു. ലോക്കപ്പിനകത്ത് ആരെയും തല്ലുന്നതും കൊല്ലുന്നതും അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി.
ഇടുക്കിയിൽ പോലീസ് നിധിവേട്ടയാണു നടത്തിയത്. രാജ്കുമാറിന്റെ കൈയിലെ കോടികൾ തട്ടിയെടുക്കാനാണു പോലീസ് ശ്രമിച്ചത്. കൊല്ലപ്പെട്ടവരുടെയും ആത്മഹത്യ ചെയ്തവരുടെയും പോക്കറ്റിലാണ് പോലീസിന്റെ കണ്ണ്. സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാനും നിരപധാരികളെ കുടുക്കാനുമാണ് ശ്രമിക്കുന്നതെന്നും അടിയന്തരപ്രമേയ നോട്ടീസിൽ സംസാരിക്കവെ പ്രതിപക്ഷ അംഗം വി.ഡി. സതീശൻ പറഞ്ഞു.
ഇതിനു മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ലോക്കപ്പിനകത്ത് ആരെയും തല്ലുന്നതും കൊല്ലുന്നതും അംഗീകരിക്കില്ല. ജയിലിൽ എത്തിക്കുന്പോൾ തന്നെ രാജ്കുമാറിനു പ്രയാസങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പരസഹായം വേണ്ടിയിരുന്നു. 15-നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇങ്ങനെയുള്ള ആളെ എന്തുകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല എന്നത് അന്വേഷിക്കേണ്ടതുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിനു മുന്പ് നജീബ് എന്നയാൾ രാജ്കുമാറിനെ മർദിച്ചതായി മൊഴിയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.