തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെയും ദൈവത്തിന്‍റെ സഭയെ പീഢിപ്പിച്ചിരുന്ന പൗലോസിനെയും യേശു പേരുപറ‍ഞ്ഞു വിളിക്കുകയും അവരുടെ ജീവിതത്തെ പരിവര്‍ത്തനംചെയ്യുകയും ചെയ്തുവെന്നും ഈ രണ്ടുപേരും ഇന്നു നമ്മുടെ മുന്നില്‍ സാക്ഷികളായി നിലകൊള്ളുന്നുവെന്നും പാപ്പാ. ക്രിസ്തീയജീവിതത്തിന്‍റെ ആരംഭബിന്ദു നമ്മുടെ യോഗ്യതയല്ല എന്ന പാഠമാണ് അനുതപിച്ച രണ്ടു പാപികളെ സാക്ഷികളായി യേശു നമുക്കു നല്കിയ സംഭവത്തില്‍ അടങ്ങിയിരിക്കുന്നതെന്ന് മാര്‍പ്പാപ്പാ. വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച (29/06/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട, നവമെത്രാപ്പോലിത്താമാര്‍ക്കു ധരീക്കാനുള്ള പാലീയത്തിന്‍റെ ആശീര്‍വ്വാദകര്‍മ്മവും ഉള്‍പ്പെടുത്തപ്പെട്ടിരുന്ന, സാഘോഷമായ ദിവ്യബലിമദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെയും ദൈവത്തിന്‍റെ സഭയെ പീഢിപ്പിച്ചിരുന്ന പൗലോസിനെയും യേശു പേരുപറ‍ഞ്ഞു വിളിക്കുകയും അവരുടെ ജീവിതത്തെ പരിവര്‍ത്തനംചെയ്യുകയും ചെയ്തുവെന്നും ഈ രണ്ടുപേരും ഇന്നു നമ്മുടെ മുന്നില്‍ സാക്ഷികളായി നിലകൊള്ളുന്നുവെന്നും പാപ്പാ പറഞ്ഞു. തങ്ങളുടെ ജീവന്‍ തന്നെ നല്കിയാണ് അവര്‍ ക്രിസ്തുവിന് സാക്ഷ്യമേകിയതെന്നും അവരുടെ സാക്ഷ്യത്തിന്‍റെ വേരുകളിലേക്കു നാം ഇറങ്ങിയാല്‍ അവര്‍ ജീവന്‍റെയും പൊറുക്കലിന്‍റെയും യേശുവിന്‍റെയും സാക്ഷികളാണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും പാപ്പാ വിശദീകരിച്ചു.

നീതിമാന്മാരെന്നു കരുതുന്നവരിലല്ല, മറിച്ച് ആവശ്യത്തിലിരിക്കുന്നവരിലാണ് കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും നമ്മെ സ്നേഹിക്കുന്നതിനുള്ള അവിടത്തെ മാനദണ്ഡം നമ്മുടെ നൈപുണ്യമല്ലെന്നും പാപ്പാ പറഞ്ഞു. തങ്ങളുടെ വീഴ്ചകളില്‍ അവര്‍ കര്‍ത്താവിന്‍റെ കാരുണ്യത്തിന്‍റെ ശക്തി കണ്ടത്തുകയും ആ ശക്തി അവര്‍ക്ക് നവജീവന്‍ പകരുകയും ചെയ്തുവെന്നും കര്‍ത്താവേകിയ മാപ്പില്‍ സമാധാനവും അദമ്യമായ ആനന്ദവും അവര്‍ കണ്ടെത്തിയെന്നും പാപ്പാ അവര്‍ കര്‍ത്താവിന്‍റെ ക്ഷമയുടെ സാക്ഷികളാണെന്നു വിശദീകരിക്കവെ ഉദ്ബോധിപ്പിച്ചു.

ഇക്കഴിഞ്ഞ ഒരുവര്‍ഷത്തെ കാലയളവില്‍ മെത്രാപ്പോലിത്താമാരായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്കു ധരിക്കാനുള്ള പാലീയം പത്രോസ്പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ക്കുര്‍ബ്ബാന മദ്ധ്യേ താന്‍ ആശീര്‍വ്വദിക്കുന്നതിനെക്കുറിച്ചും വചനസമീക്ഷയുടെ അവസാനം സൂചിപ്പിച്ച പാപ്പാ, ഇടയന്‍ സ്വന്തം ചുമലിലേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ആടിനെ ഈ പാലീയം ദ്യോതിപ്പിക്കുന്നുവെന്നു പറഞ്ഞു. ഇടയന്മാര്‍ അവനവനുവേണ്ടിയല്ല ആടുകള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്നതിന്‍റെ അടയാളമാണ്, ആ ആടിനുവേണ്ടി ജീവന്‍ നഷ്ടപ്പെടുത്തണമെന്നതിന്‍റെ അടയാളമാണ്, പാലീയമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

പത്രോസ്പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളില്‍, പതിവുപോലെ ഇക്കൊല്ലവും, കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്‍റെ ഒരു പ്രതിനിധിസംഘം സന്തോഷം പങ്കുവയ്ക്കാന്‍ എത്തിയിരിക്കുന്നതും പാപ്പാ അനുസ്മരിക്കുകയും പാത്രിയാര്‍ക്കീസിന് തന്‍റെ സ്നേഹാശംസ നേരുകയും ചെയ്തു. ഈ പ്രതിനിധിസംഘത്തിന്‍റെ സാന്നിധ്യം വിശ്വാസികളുടെ സംപൂര്‍ണ്ണൈക്യത്തിലേക്കുള്ള പ്രയാണത്തില്‍ എല്ലാതലങ്ങളിലും സര്‍വ്വാത്മനാ പരിശ്രമിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണെന്ന് പാപ്പാ പറഞ്ഞു. എന്തെന്നാല്‍, ദൈവത്താല്‍ അനുരഞ്ജിതരായും പരസ്പരം ക്ഷമിച്ചും നമ്മുടെ ജീവിതം കൊണ്ട് ഒത്തൊരുമിച്ച് യേശുവിനു സാക്ഷ്യമേകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.