കണ്ണൂർ: സഭ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് ലാഭേച്ഛയോടുകൂടിയല്ലെന്നും സമൂഹത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണെന്നും കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നല്ല വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുക എന്ന ശുശ്രൂഷയാണ് സഭകൾ വിദ്യാലയങ്ങളിലൂടെ നടത്തിവരുന്നത്. വിദ്യാഭ്യാസത്തെ വിശുദ്ധമായി കാണുന്നവരാണ് സഭകൾ. എന്നാലിപ്പോൾ ന്യൂനപക്ഷത്തിന് ഭരണഘടനാപരമായി അനുവദിച്ചു കിട്ടിയ അവകാശങ്ങൾ വിദ്യാഭ്യാസനയത്തിന്റെ പേരു പറഞ്ഞ് ഇല്ലാതാക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. ഇത് ന്യൂനപക്ഷാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണെന്നും ബിഷപ് പറഞ്ഞു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ഡയറക്ടർ ഫാ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. ഡി.ആർ. ജോസ് മുഖ്യപ്രഭാഷണം നടത്തി. മാത്യു ജോസഫ്, സജി ജോൺ, ബിജു ഓളാട്ടുപുറം, ബിനോയ്, ബിജു കുറുമുട്ടം, ബിപിൻ എം. സെബാസ്റ്റ്യൻ, ജോണി വടക്കേക്കര എന്നിവർ പ്രസംഗിച്ചു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താപടവിൽ സ്വാഗതവും സി.ഡി. സജീവ് നന്ദിയും പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൽ നിർദേശിച്ചതനുസരിച്ച് കേരള സർക്കാർ അംഗീകരിച്ച അധ്യാപക-വിദ്യാർഥി അനുപാതത്തിൽ നടത്തുന്ന അധ്യാപക നിയമനങ്ങൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞും അവ്യക്തമായ ഉത്തരവുകളിലൂടെയും അംഗീകാരം നൽകാതെ തടഞ്ഞുവയ്ക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിഷേധസദസ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ബോബി ജോൺ മൂലയിൽ പ്രമേയം അവതരിപ്പിച്ചു.
അശാസ്ത്രീയമായ ഹയർ സെക്കന്‍ഡറി ലയനം ഉപേക്ഷിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാരിന്റെ നിലപാട് തിരുത്തുക, ബ്രോക്കണ്‍ സർവീസ് പെൻഷന് പരിഗണിക്കുക, ഓൾഡ് സ്കൂൾ-ന്യൂ സ്കൂൾ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധസദസ് നടത്തിയത്. തലശേരി അതിരൂപത, മാനന്തവാടി, താമരശേരി, സുൽത്താൻ ബത്തേരി, കോഴിക്കോട്, കണ്ണൂർ രൂപതകൾ, കോട്ടയം അതിരൂപത മലബാർ റീജൺ എന്നിവിടങ്ങളിൽനിന്നുള്ള അധ്യാപകർ പങ്കെടുത്തു.