ഭോപ്പാൽ: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ആദിവാസി യുവതിയെ പൊതുമധ്യത്തിൽ ബന്ധുക്കൾ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ധാറിലാണ് സംഭവം. യുവതിയെ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. 21 വയസുകാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഇതിനെ എതിർത്തു. മറ്റൊരു വിവാഹത്തിനായി യുവതിയെ ബന്ധുക്കൾ നിർബന്ധിക്കുകയും ചെയ്തു. ഇതോടെ യുവതി വീട് വിട്ട് പോകാൻ ശ്രമിക്കുകയും ബന്ധുക്കൾ മർദിക്കുകയുമായിരുന്നു.
പിന്നീട്, മർദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.