സ്നേഹമാണ് സഭയെ കെട്ടിപ്പടുക്കുന്നതെന്ന് മാര്‍പ്പാപ്പാ.
വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച (29/06/2019) വത്തിക്കാനില്‍ മദ്ധ്യാഹ്നത്തില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പ് നടത്തിയ വിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വിശുദ്ധരായ പത്രോസും പൗലോസും സഭാസൗധത്തെ താങ്ങി നിറുത്തുന്നതായും ഈ വിശുദ്ധര്‍ പരസ്പരം ആശ്ലേഷിക്കുന്നതായുമുള്ള ചിത്രണങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.
നീ പത്രോസാകുന്നു. ഈ പാറയിന്മേല്‍ ഞാന്‍ എന്‍റെ സഭയെ പണിതുയര്‍ത്തും എന്നു യേശു പറയുമ്പോള്‍ ബാഹ്യമായ ഒരു യാഥാര്‍ത്ഥ്യമല്ല അവിടന്ന് ഉദ്ദേശിക്കുന്നത് അവിടത്തേക്ക് സഭയോടുള്ള വലിയ സ്നേഹമാണ് ആവിഷ്കൃതമാകുന്നത് എന്ന് പാപ്പാ വ്യക്തമാക്കി.
എന്‍റെ സഭ എന്ന് നമുക്കും പറയാന്‍ സാധിക്കണമെന്നും ഐക്യത്തില്‍ എല്ലാവരും ഒരുമിച്ചു കഴിയുന്നതിന്‍റെ മനോഹാരിത മനസ്സിലാക്കുന്നതിനും, പത്രോസിനെയും പൗലോസിനെയും പോലെ, സഹോദര്യസ്നേഹത്തോടെ സഭയെ താങ്ങിനിറുത്തുന്നതിനും അങ്ങനെ നമുക്കു സാധിക്കണമെന്നും പാപ്പാ പറഞ്ഞു.
എന്നില്‍ നിന്നു വ്യത്യസ്തരായവരെ എന്‍റെ സഭയ്ക്കുള്ള ദാനമായി കാണാന്‍ കഴിയണമെന്നും അപരന്‍റെ മേന്മകള്‍ അംഗീകരിക്കണമെന്നും ഉദ്ബോധിപ്പിച്ച പാപ്പാ നേരെമറിച്ച് അപരനെക്കുറിച്ചുള്ള അസൂയയാകട്ടെ നമ്മില്‍ കയ്പ്പുളവാക്കുമെന്ന് മുന്നറിയിപ്പു നല്കി.