ലോര്‍ഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് തുടർച്ചയായ രണ്ടാം പരാജയം. ലോർഡ്സിൽ ഓസ്ട്രേലിയയോട് 86 റൺസിന് തോറ്റു. ഓസീസിന്റെ 244 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 43.4 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി. 9.4 ഓവറില്‍ 26 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് കിവീസിന്റെ നടുവൊടിച്ചത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(40), റോസ് ടെയ്ലർ(30) എന്നിവർക്ക് മാത്രമേ കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചുള്ളൂ.
ഓസീസ് ഉയർത്തിയ ചെറിയ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ കിവീസിന് തുടക്കം തന്നെ പിഴച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് 29 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ഹെൻറി നിക്കോള്‍സിനെ(8) നഷ്ടപ്പെട്ടു. 20 റൺസുമായി മറ്റൊരു ഓപ്പണർ മാർട്ടിൻ ഗപ്റ്റിലും മടങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. ടോം ലഥാം(14), മിച്ചൽ സാന്റനർ(12) എന്നിവർ കൂടിയാണ് പിന്നീട് രണ്ടക്കം കണ്ടത്.
സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജേസൺ ബെഹെറെന്‍ഡോഫ് രണ്ടും പാറ്റ് കമ്മിന്‍സും നഥാൻ ലിയോണും സ്റ്റീവൻ സ്മിത്തും ഓരോ വിക്കറ്റ് വീതവും നേടി. ഇത് മൂന്നാം തവണയാണ് സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേട്ടത്തിൽ എത്തുന്നത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റ് പ്രകടനം നടത്തുന്ന താരമെന്ന റിക്കാർഡും ഓസീസ് പേസര്‍ സ്വന്തമാക്കി.
നേരത്തെ, ടോസ് നേടിയ ഓസ്ട്രേലിയയെ ഒമ്പതിന് 243 റൺസിൽ കിവീസ് ഒതുക്കിയിരുന്നു. ഹാട്രിക്ക് അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിന്റെ മിന്നും പ്രകടനമാണ് ഓസീസിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. അമ്പതാം ഓവറിൽ ഖ്വാജ, മിച്ചൽ സ്റ്റാർക്ക്, ബെഹ്റെൻഡോഫ് എന്നിവരെയാണ് ബോൾട്ട് അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ മുഹമ്മദ് ഷാമിക്കുശേഷം ഹാട്രിക്ക് നേടുന്ന താരമായി ബോൾട്ട്. ലോകകപ്പിൽ ന്യൂസിലൻഡ് താരത്തിന്റെ ആദ്യ ഹാട്രിക്ക് ആണ്.