കൊച്ചി: തീക്ഷ്ണതകൊണ്ട് അപരനെ ജ്വലിപ്പിക്കുക എന്നതാണ് കുടുംബ പ്രേഷിതരംഗത്തുള്ളവരുടെ പ്രഥമ ദൗത്യമെന്നു കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. സഭയുടെ കുടുംബപ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ പ്രോ ലൈഫ്, കത്തോലിക്ക കോണ്ഗ്രസ് എന്നിവയുടെ രൂപത ഡയറക്ടർമാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അല്മായ ശുശ്രൂഷയിൽ കരുതലുള്ള അമ്മയാണു സഭ. സഭയ്ക്ക് അധിക ഊർജം പ്രദാനം ചെയ്യാൻ അല്മായർക്കു സാധിക്കും. അല്മായരും വൈദികരും മെത്രാന്മാരും കൂട്ടായ്മയിൽ പ്രവർത്തിക്കുന്പോഴാണു സഭ ജീവൻ പ്രാപിക്കുന്നത്. ഭിന്നാഭിപ്രായങ്ങൾ സഭയിൽ സ്വാഭാവികമാണ്. വ്യത്യസ്തതകൾ വളർച്ചയ്ക്കു സഹായിക്കും. എന്നാൽ വിഭജനങ്ങൾ സഭയെ തകർക്കുമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
വെല്ലുവിളികളുടെ ഈ കാലഘട്ടത്തിൽ വിശ്വാസസത്യങ്ങളും ധാർമികമൂല്യങ്ങളും വ്യക്തതയോടെ പഠിപ്പിക്കണമെന്നു കമ്മീഷൻ അംഗം ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു. വർഗീയതയ്ക്ക് ഇടം കൊടുക്കാതെ സഭാമക്കൾ സ്വത്വബോധവും സമുദായബോധവും വീണ്ടെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സത്യത്തെ അപ്രസക്തമാക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ നിഷേധാത്മക നിലപാടുകൾക്കെതിരേ പൊരുതിയാൽ മാത്രം പോരാ, സഭയുടെ ക്രിയാത്മക ഇടപെടലുകളും ആവശ്യമാണെന്നു മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. സീറോ മലബാർ സഭയിൽ ഐക്യവും നന്മയും വീണ്ടെടുക്കാൻ സഭാനേതൃത്വം സ്വീകരിക്കുന്ന നടപടികളെ സമ്മേളനം ശ്ലാഘിച്ചു.
കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി ആന്റണി മൂലയിൽ, സിബിസിഐ അൽമായ കൗണ്സിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, പ്രോ ലൈഫ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ, മാതൃവേദി സെക്രട്ടറി റോസിലി പോൾ തട്ടിൽ, കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തിൽ, കുടുംബക്കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്സൻ പാണേങ്ങാടൻ എന്നിവർ നേതൃത്വം നൽകി. ഭാരതത്തിലെ വിവിധ രൂപതകളിൽനിന്നുള്ള 55 പ്രതിനിധികൾ പങ്കെടുത്തു.